ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമം;മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
10 December 2022

കൊച്ചി: ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അതിന് സാധിക്കുന്ന തരത്തില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക, പാഠ്യപദ്ധതിയില്‍ നൂതനമായ മാറ്റങ്ങള്‍ കൊണ്ടുവരിക, ഉന്നത വിദ്യാഭ്യാസ മേഖലയും വ്യാവസായിക മേഖലയും തമ്മില്‍ ജൈവബന്ധം വളര്‍ത്തിയെടുക്കാനുമാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച്‌ നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ മൂന്ന് കമ്മീഷനുകളെ സര്‍ക്കാര്‍ നേരത്തെ തന്നെ നിയമിച്ചിരുന്നു. ആ കമ്മീഷനുകളുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനാണ് ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ പ്രാധാന്യത്തോടെ കണ്ടുകൊണ്ട് മികച്ച സാമ്ബത്തിക സഹായം ലഭ്യമാക്കും. ആ മേഖലയുടെ നിലവാരവും മാനുഷിക മൂല്യവും ഉറപ്പാക്കും.

സര്‍ക്കാര്‍ ഖജനാവിലെ പണം നിര്‍ദ്ദിഷ്ട കാര്യത്തിന് തന്നെ ഉപയോഗപ്പെടുത്തണമെന്ന ഉത്തരവാദിത്തം സര്‍ക്കാരിന് എല്ലാ കാലത്തും ഉണ്ട്. അക്കാദമിക് കാര്യങ്ങളില്‍ സര്‍വകലാശാലകള്‍ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം ഉണ്ടാകും. അത് ഉറപ്പുവരുത്താനും സര്‍ക്കാര്‍ ശ്രമിക്കും. കോളേജുകളുടെയും സര്‍വകലാശാലകളുടെയും അടിസ്ഥാന സൗകര്യപ്രവര്‍ത്തനത്തിന് പദ്ധതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

വിദ്യാര്‍ത്ഥികളുടെ നൈപുണ്യം വര്‍ധിപ്പിച്ച്‌ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ കരിയര്‍ ടു ക്യാംപസ് പദ്ധതി നടപ്പാക്കിയതടക്കം സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികളെ കുറിച്ച്‌ മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍വകലാശാലകളില്‍ പൊതുവായ അക്കാദമിക് കലണ്ടറും പരീക്ഷാ കലണ്ടറും യാഥാര്‍ത്ഥ്യമാക്കും. മാനേജ്മെന്റുകളുടെ താത്പര്യം ഹനിക്കാതെ സ്വാശ്രയ കോളേജ് അധ്യാപകരുടെ നിയമനവും വേതനവും നിശ്ചയിക്കുന്നതിനുള്ള ബില്‍ പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു