എ സി മൊയ്തീന് മൂന്നാമതും നോട്ടീസ് അയച്ച് ഇഡി

single-img
5 September 2023

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിപിഎം നേതാവ് എ.സി. മൊയ്തീൻ എം.എൽ.എക്ക് ഇ.ഡി വീണ്ടും നോട്ടീസ് അയച്ചു. ഇത് മൂന്നാം തവണയാണ് കേസിൽ എ സി. മൊയ്തീന് ഇ ഡി നോട്ടീസ് നൽകുന്നത്. തിങ്കളാഴ്ച രാവിലെ 11ന് ഇ.ഡിയുടെ കൊച്ചി ഓഫിസിലെത്താനാണ് നിർദേശം.

നോട്ടീസ് പ്രകാരം സെപ്റ്റംബർ 11ന് ഹാജരാകുമെന്നാണ് എ.സി മൊയ്തീൻ അറിയിച്ചത്. നിയമസഭ സമ്മേളനം നടക്കുന്നുണ്ടെങ്കിലും ഹാജരാകുമെന്നും അവർ ആവശ്യപ്പെട്ട രേഖകൾ നൽകുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയും ഹാജരാകാൻ അദ്ദേഹത്തോട് നിർദേശിച്ചിരുന്നെങ്കിലും മൊയ്തീൻ അസൗകര്യം അറിയിച്ചിരുന്നു.

കേസിൽ 10​ വർഷത്തെ ആദായനികുതി രേഖകൾ ഉൾപ്പെടെ ഹാജരാക്കാനാണ്​ ഇഡി അദ്ദേഹത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തുടർച്ചയായ അവധി കാരണം രേഖകൾ സംഘടിപ്പിക്കാൻ പ്രയാസമുണ്ടെന്നും ഇവ ലഭിച്ചശേഷം മറ്റൊരു തീയതിയിൽ ഹാജരാക്കാമെന്നും ഇ-മെയിൽ വഴി ഇ.ഡിയെ അദ്ദേഹം അറിയിച്ചിരുന്നു. അതിനു ശേഷമാണ് ​ സെപ്​റ്റംബർ നാലിന് വീണ്ടും ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയത്. ആ ദിവസവും ഹാജരാകാതിരുന്നതോടെയാണ് മൂന്നാം തവണയും നോട്ടീസ് അയച്ചത്.