ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ – പോസ് തകാറിലായി

single-img
27 August 2023

തിരുവനന്തപുരം: ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ – പോസ് തകാറിലായി. മിക്ക ജില്ലകളിലും ഇ-പോസ് മെഷീനുകള്‍ പ്രവര്‍ത്തനരഹിതമായി. സാധാരണ റേഷന്‍ വിതരണത്തിന് പുറമെ ഓണം സ്പെഷ്യൽ അരി വിതരണവും ഓണക്കിറ്റ് വിതരണം അടക്കം മുടങ്ങുമെന്നാണ് ആശങ്ക. ബയോമെട്രിക് പരാജയപ്പെട്ടു. മൊബൈൽ നമ്പർ ഉപയോഗിച്ചുള്ള ഒടിപി വഴി മാത്രമാണ് റേഷൻ നടക്കുന്നത്.

ഓണക്കിറ്റ് വിതരണത്തിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് സംസ്ഥാനത്ത് ഇ – പോസ് തകാറിലാവുന്നത്. ഓണത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, പത്ത് ശതമാനം കിറ്റ് മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. ഇന്നലെ രാത്രി പത്ത് മണി വരെയുള്ള കണക്ക് പ്രകാരം 62,231 കിറ്റുകളാണ് ആകെ വിതരണം ചെയ്‌തത്‌. സംസ്ഥാനത്താകെ 5,87,691 മഞ്ഞക്കാർഡ് ഉപഭോക്താക്കൾക്കാണ് കിറ്റ് നൽകേണ്ടത്. ഇന്നും നാളെയുമായി കിറ്റ് വിതരണം പൂർത്തിയാകുമെന്നാണ് സർക്കാർ ഉറപ്പ്.

ഇന്ന് ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കണമെന്ന് കർശന നിർദേശമുണ്ട്. ഇന്നലെ ഉച്ചയോടെ മുഴുവൻ കിറ്റുകളും റേഷൻ കടകളിൽ എത്തിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നതെങ്കിലും, പായസം മിക്സും കറിപൊടികളും എത്താത്തത് പ്രതിസന്ധിയായിരുന്നു. മിൽമയുടെ പായസം മിക്‌സും, റെയ്ഡ്കോയുടെ കറി പൊടികളും ഇനിയും കിട്ടാത്ത സ്ഥലങ്ങളിൽ മറ്റ് കമ്പനികളുടേത് വാങ്ങി പാക്കിം​ഗ് പൂർത്തിയാക്കാനാണ് നിർദേശം.