കൊല്ലം ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വരള്‍ച്ച രൂക്ഷം

single-img
9 March 2023

ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ വരള്‍ച്ച രൂക്ഷം. തെന്മല- ആര്യങ്കാവ് അതിര്‍ത്തി പ്രദേശമായ വാലുപറമ്ബുകാര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയായ നിലയിലാണ്.

വലിയ കുന്നിന് മുകളില്‍ താമസിക്കുന്ന ഇവിടുത്തുകാര്‍ വെള്ളമെടുക്കണമെങ്കില്‍ ഒന്നരക്കിലോമീറ്ററോളം താഴെയുള്ള പുഴയിലെത്തണം.
ഇരുപതു വര്‍ഷം മുന്പാണ് സരിതയെ വാലുപറന്പിലേക്ക് വിവാഹം കഴിച്ചുകൊണ്ടു വന്നത്. ഇക്കാലമത്രയും വേനല്‍ക്കാലം ദുരിതകാലമെന്നാണ് സരിത പറയുന്നത്. ചൂട് കൂടിയതോടെ കിണറുകളിലെ വെള്ളം വറ്റി. കുന്നിറങ്ങി കഴുതുരുട്ടിയാലെത്തിയാലാണ് ഇപ്പോള്‍ കുടിവെളളം കിട്ടുക. സരിതയുടെ മാത്രമല്ല വാലുപറന്പിലെ അറുപതോളം കുടുംബങ്ങളുടേയും അവസ്ഥ ഇതുതന്നെ. വെള്ളമെടുത്ത് ചെങ്കുത്തായ പ്രദേശത്തു കൂടി സര്‍ക്കസ് കാണിച്ചുവേണം വീട്ടിലെത്താന്‍. പലരും പലതവണ കാലിടറി വീണു. ചിലര്‍ക്ക് സാരമായി പരിക്കേറ്റു.

കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് തെന്മല പഞ്ചായത്ത് കയറിയറങ്ങി മടുത്തുവെന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്. സ്ഥലം എംഎല്‍എക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി. പക്ഷേ യാതൊരു നടപടിയുമുണ്ടായില്ല. അടിയന്തരമായി പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം. അതേസമയം കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന പതിവ് വിശദീകരണമാണ് തെന്മല പഞ്ചായത്ത് നല്‍കുന്നത്. എംഎസ്‌എല്‍ മുതല്‍ അര്യങ്കാവ് പഞ്ചായത്തിന്റെ അതിര്‍ത്തി വരെയുളള വരള്‍ച്ച രൂക്ഷമായിടങ്ങളില്‍ വെള്ളമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറയുന്നു.