നാടകീയ തീരുമാനം; റഷ്യൻ എണ്ണ ഇറക്കുമതിക്ക് ഇളവ് നീട്ടി ട്രംപ് ഭരണകൂടം; ഇന്ത്യയ്ക്ക് ആശ്വാസം

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന ഉപരോധ ഇളവ് അമേരിക്കൻ ഭരണകൂടം നീട്ടി. നേരത്തെ ഇളവ് നൽകില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചിരുന്നെങ്കിലും, അവസാന നിമിഷം എടുത്ത നാടകീയമായ തീരുമാനത്തിലൂടെ മെയ് 16 വരെ ഇളവ് നീട്ടി നൽകുകയായിരുന്നു. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ മുൻ നിലപാടിൽ നിന്നുള്ള അമേരിക്കയുടെ പിന്മാറ്റമാണിത്.
ഏപ്രിൽ 17-നോ അതിനുമുമ്പോ കപ്പലുകളിൽ കയറ്റിയ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതിനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് അമേരിക്ക ഈ ഇളവ് നൽകിയതെന്നാണ് സൂചന. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ധന വിതരണം സുഗമമാക്കാൻ ഈ തീരുമാനം സഹായിക്കും.ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും റഷ്യൻ എണ്ണയുടെ കാര്യത്തിൽ ഇന്ത്യ വലിയ സമ്മർദ്ദം ചെലുത്തിയിരുന്നു.
ഇന്ത്യയുടെ ഈ നയതന്ത്ര നീക്കം വിജയിച്ചതായാണ് പുതിയ ഉത്തരവ് വ്യക്തമാക്കുന്നത്. എന്നാൽ ഇറാന്റെ കാര്യത്തിൽ ഇത്തരം ഇളവുകൾ ഇനി നൽകില്ലെന്നും ട്രഷറി ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.
റഷ്യൻ എണ്ണ കമ്പനികളായ റോസ്‌നെഫ്റ്റ്, ലുക്കോയിൽ എന്നിവയ്ക്ക് നേരത്തെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു.
ഇതോടെ ഇന്ത്യൻ കമ്പനിയായ റിലയൻസ് അടക്കമുള്ളവർ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറച്ചിരുന്നു. എന്നാൽ പുതിയ ഇളവ് വന്നതോടെ ഏകദേശം 30 ദശലക്ഷം ബാരൽ എണ്ണ ഇന്ത്യയ്ക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കും.


