ഡോ.വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്


കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ.വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന്.
പോസ്റ്റോമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്നും മൃതദേഹം ഇന്നലെ രാത്രി എട്ട് മണിയോടെ കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. വന്‍ ജനാവലിയാണ് വന്ദനയെ അവസാനമായി കാണുന്നതിന് എത്തിയത്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ വെച്ച് സംസ്‌കാരം നടക്കും. വീട്ടുമുറ്റത്ത് തയാറാക്കിയ പ്രത്യേക പന്തലില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കും.
വന്ദന ദാസിന്റെ ശരീരത്തില്‍ 11 കുത്തുകളേറ്റിരുന്നു. മുതുകിലും തലയിലുമേറ്റ കുത്തുകളാണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെ നാലരയോടെയാണ് വന്ദന ദാസ് ആക്രമിക്കപ്പെടുന്നത്. ചികിത്സക്കായി പൊലീസ് എത്തിച്ച സ്കൂള്‍ അധ്യാപകനായ സന്ദീപ് വന്ദനയെ കത്രികകൊണ്ട് കുത്തുകയായിരുന്നു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നു. ഇവിടെയെല്ലാം ആയിരക്കണക്കിന് ആളുകളാണ് വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനായി എത്തിയത്.സംഭവത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരം തുടരുന്ന പശ്ചാത്തലത്തില്‍, ഡോക്ടര്‍മാരുമായി മുഖ്യമന്ത്രി ഇന്ന് ചര്‍ച്ച നടത്തും. നാളെ രാവിലെ പത്തരയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് ചര്‍ച്ച.