കറിപൗഡറുകളിലും പാക്കറ്റ് ഉല്പന്നങ്ങളിലും മായം കലര്‍ത്തരുത്; മനുഷ്യാവകാശ കമ്മീഷന്‍

single-img
6 September 2022

തിരുവനന്തപുരം: കറിപൗഡറുകളിലും പാക്കറ്റ് ഉല്പന്നങ്ങളിലും മായം കലര്‍ത്തരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍.

സംസ്ഥാനത്ത് പ്രചാരത്തിലുള്ള പാക്കറ്റ് ഉല്പന്നങ്ങളിലും മറ്റും മായം കണ്ടെത്തിയ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

കറിപൗഡറുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളില്‍ ശരീരത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു.

പരിശോധനകള്‍ കര്‍ശനമാക്കുന്നതിനൊപ്പം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചു. സുരക്ഷിതവും മായം കലരാത്തതുമായ ഭക്ഷണം കഴിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ബാധ്യതയുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമനിക് വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ ഭക്ഷ്യാസുരക്ഷ കമ്മീഷണര്‍ക്ക് ഉത്തരവ് നല്‍കി.

അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കളിലും പാക്കറ്റ് ഭക്ഷ്യസാധനങ്ങളിലും അപകടകരമായ രീതിയില്‍ മായം കലര്‍ത്തുന്നുണ്ട് എന്നാരോപിച്ച്‌ ജനകീയ അന്വേഷണ സമിതിക്ക് വേണ്ടി ടി എന്‍ പ്രതാപന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇതേ വിഷയത്തില്‍ മുമ്ബും ഉത്തരവ് ഇറക്കിയിട്ടുണ്ട്. 2019 ഫെബ്രുവരി 5നാണ് കമ്മീഷന്‍ ഉത്തരവ് പാസാക്കിയത്.

ജില്ലാ ഭക്ഷ്യ സുരക്ഷ സ്‌ക്വാഡുകള്‍ അടിയന്തരമായി രൂപികരിച്ച്‌ കര്‍ശന പരിശോധനകള്‍ നടത്തണമെന്ന കമ്മീഷന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് 2019ല്‍ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഭക്ഷ്യ വസ്തുക്കളിലെ അമിത കീടനാശിനി പ്രയോഗവും രാസവസ്തുക്കള്‍ ചേര്‍ക്കുന്നതും ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പട്ടു.