ഉക്രെയ്ൻ യുദ്ധം: റഷ്യൻ ക്രൂഡോയിൽ ഇറക്കുമതിയുടെ ഇന്ത്യ ലാഭിച്ചത് 35,000 കോടി രൂപ

single-img
19 September 2022

ഫെബ്രുവരിയിൽ തുടങ്ങിയ ഉക്രെയ്ൻ സംഘർഷവും തുടർന്നുണ്ടായ ഉപരോധവും കാരണം വില ഇടിഞ്ഞ റഷ്യൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്തതിലൂടെ ഇന്ത്യക്ക് 35,000 കോടി രൂപയുടെ നേട്ടമുണ്ടായതായി കണക്ക്. ഉക്രെയ്‌നെ ആക്രമിക്കാനുള്ള മോസ്‌കോയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളുടെ സമ്മർദ്ദം വകവെക്കാതെ റഷ്യയിൽ നിന്ന് ക്രൂഡ് ഇറക്കുമതി ചെയ്യാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. ഇതോടെ വലിയ ലാഭത്തിൽ റഷ്യയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്കു സാധിച്ചു.

ചൈനയ്ക്ക് ശേഷം റഷ്യൻ ക്രൂഡ് വാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. നിലവിൽ രാജ്യത്തിന്റെ മൊത്തം എണ്ണ വാങ്ങലിന്റെ 12% വും വാങ്ങുന്നത് റഷ്യയിൽ നിന്നുമാണ്. ഇത് ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് 1% ൽ താഴെയായിരുന്നു. ജൂലൈയിൽ, സൗദി അറേബ്യയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റഷ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായി. ഓഗസ്റ്റിൽ റിയാദ് തങ്ങളുടെ സ്ഥാനം തിരിച്ചുപിടിച്ചെങ്കിലും, ഇന്ത്യയ്ക്ക് ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ വിതരണക്കാരായി റഷ്യ തുടരുന്നു.

ഏപ്രിൽ-ജൂലൈ കാലയളവിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1.3 ബില്യൺ ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ എട്ട് മടങ്ങ് ഉയർന്ന് 11.2 ബില്യൺ ഡോളറായി. 2021-22 ൽ രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ബിൽ 119 ബില്യൺ ഡോളർ ആയി ഉയർന്നിരുന്നു. എണ്ണ വില ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് പണപ്പെരുപ്പ നിയന്ത്രണ തന്ത്രത്തിന്റെ ഭാഗമാണെന്നും മറ്റ് രാജ്യങ്ങളും സമാനമായ എന്തെങ്കിലും ചെയ്യുന്നുണ്ടെന്നും ഈ മാസം ആദ്യം ധനമന്ത്രി നിർമ്മല സീതാരാമൻ ഒരു സെമിനാറിൽ പറഞ്ഞിരുന്നു.

ആഗോള എണ്ണ വിപണിയിലെ വിലപേശൽ ഇന്ത്യയുടെ പണം ലാഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. 2020-ൽ, മഹാമാരി ലോകത്തെ അടച്ചുപൂട്ടിയപ്പോൾ എണ്ണവില ഇടിഞ്ഞപ്പോൾ, സർക്കാർ തന്ത്രപ്രധാനമായ കരുതൽ ശേഖരം നിറയ്ക്കുകയും റിഫൈനർമാർ കപ്പലുകളിൽ എണ്ണ സംഭരിക്കുകയും പിന്നീട് വില ഉയർന്നപ്പോൾ 25,000 കോടി രൂപ ലാഭിക്കുകയും ചെയ്തിരുന്നു.