ഡയറക്ടറുടെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചു;അടൂര്‍ ഗോപാലകൃഷ്ണന്റെ വാദത്തിനു മറുപടിയുമായി ശുചീകരണ തൊഴിലാളികൾ

single-img
31 January 2023

തിരുവനന്തപുരം. കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടിക ജാതിക്കാര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം കള്ളമാണെന്ന് ജീവനക്കാര്‍.

അഞ്ചുപേരാണ് ഇവിടെ ശുചീകരണത്തൊഴിലാളികളായി ഉള്ളത്. അതില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളാണ്. മൂന്ന് പേര്‍ വിധവകളാണ്. അവര്‍ ഒബിസി വിഭാഗത്തില്‍പ്പെട്ടവരും മറ്റൊരാള്‍ നായരാണെന്നും ശുചീകരണത്തൊഴിലാളികള്‍ മാധ്യമങ്ങളോട് പറഞ്ഞു

ഡയറക്ടറുടെ ഭാര്യ കൈക്കൊണ്ട് കക്കൂസ് കഴുകിപ്പിച്ചെന്നും ശുചീകരണ തൊഴിലാളികള്‍ ആവര്‍ത്തിച്ചു. ശങ്കര്‍മോഹന്‍ സാറിന്റെ വീട്ടില്‍ നേരിട്ട ദുരവസ്ഥയാണ് ഞങ്ങള്‍ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ തിക്താനുഭവങ്ങള്‍ എന്താണെന്ന് ചോദിക്കാന്‍ പോലും അടൂര്‍ തയ്യാറായില്ലെന്നും ശുചീകരണ തൊഴിലാളികള്‍ പറഞ്ഞു. ചെയര്‍മാനം സ്ഥാനം രാജിവച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അടൂരിന്റെ പരാമര്‍ശം.

വിവാദങ്ങള്‍ക്ക് പിന്നാലെ, കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ചു. മുഖ്യമന്ത്രി പിണറായി വിജയന് രാജി കത്തു കൈമാറിയെന്ന് അടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശങ്കര്‍ മോഹനെതിരായ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ച്ചയില്‍നിന്ന് കരകയറ്റാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചു. ശങ്കര്‍ മോഹനെതിരായ ആരോപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അടൂര്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഒരുഭാഗം മാത്രം കേട്ടു. സമരാഘോഷങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് അന്വേഷിക്കണം. ഗേറ്റ് കാവല്‍ക്കാരനായ വിദ്വാന് സമരാസൂത്രണത്തില്‍ പങ്കുണ്ട്. പിആര്‍ഒ അടക്കം ചില ജീവനക്കാരും ഒളിപ്രവര്‍ത്തനം നടത്തിയെന്നും അടൂര്‍ ആരോപിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ശങ്കര്‍ മോഹന്‍ രാജിവച്ചതിനും അതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പിന്നാലെയാണ് അടൂരിന്റെ രാജി. ശങ്കര്‍ മോഹന്റെ രാജിയിലേക്ക് നയിച്ച വിവാദങ്ങളില്‍ അടൂര്‍ അതൃപ്തനായിരുന്നു.