സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു

single-img
16 June 2023

തിരുവനന്തപുരം: സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രാജി വാർത്ത പുറത്തുവിട്ടത്. ബിജെപി സംസ്ഥാന അധ്യക്ഷന് അയച്ച രാജിക്കത്തും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന അദ്ദേഹം എല്ലാ സ്ഥാനങ്ങളും ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്നും രാജിവെച്ചത്.

ഒരു സന്തോഷം പങ്ക് വയ്ക്കട്ടെ ഇപ്പോൾ ഞാൻ ഒരു രാഷ്ട്രീയത്തിനും അടിമയല്ല. തികച്ചും സ്വതന്ത്രൻ. എല്ലാത്തിൽ നിന്നും മോചിതനായി. ഒന്നിന്‍റെ കൂടെമാത്രം, ധർമ്മത്തോടൊപ്പം’ എന്നാണ് പാർട്ടിവിട്ട വിവരം പങ്കുവെച്ചുള്ള ഫേസ്ബുക്ക് പോസ്റ്റിൽ രാമസിംഹൻ പറഞ്ഞു. ഈ പോസ്റ്റിന് കമന്‍റായാണ് രാജിക്കത്തും പങ്കുവെച്ചത്. ‘പണ്ട് കുമ്മനം രാജേട്ടൻ തോറ്റപ്പോൾ വാക്ക് പാലിച്ചു മൊട്ടയടിച്ചു, ഇനി ആർക്കും വേണ്ടി മൊട്ടയടിക്കില്ല എനിക്ക് വേണ്ടിയല്ലാതെ.’ എന്നും പോസ്റ്റിലുണ്ടായിരുന്നു. ഇതിന് പിന്നാലൊണ് വിശദീകരണവുമായും രംഗത്തെത്തിയത്.

‘ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി അത്രേയുള്ളൂ. കലഹിക്കേണ്ടപ്പോൾ മുഖം നോക്കാതെ കലഹിക്കാലോ.’ എന്നും രാമസിംഹൻ പറഞ്ഞു.

അടുത്തിടെ ബിജെപി വിടുന്ന ചലച്ചിത്രരംഗത്ത് നിന്നുള്ള മൂന്നാമത്തെ വ്യക്തിയാണ് രാമസിംഹൻ. രാജസേനനും നടന്‍ ഭീമന്‍ രഘുവും അടുത്തിടെ ബിജെപി വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് സിനിമാ രംഗത്തുനിന്നുള്ള രാമസിംഹനും ബിജെപിയില്‍നിന്ന് രാജിവെച്ചത്.