മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല; അടൂരിന് മറുപടിയുമായി ധർമ്മജൻ

single-img
25 January 2023

മലയാള സിനിമയിലെ സൂപ്പർ താരം മോഹൻലാലിനെതിരെ വിമർശിച്ച വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് മറുപടിയുമായി നടൻ ധർമ്മജൻ ബോൾഗാട്ടി. മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ലെന്നും അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണെന്നും ധർമ്മജൻ ഫേസ്ബുക്കിൽ കുറിച്ചു.

താൻ മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു . നല്ലവനായ ഒരു റൗഡി ഇമേജ് ആണ് മോഹന്‍ലാലിന്. അതില്‍ താന്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടാണ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാത്തത് എന്നാണ് അടൂര്‍ പറഞ്ഞിരുന്നത്.

ധർമ്മജൻ ബോൾഗാട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

‘അടൂർ സാറിനോട് രണ്ട് വാക്ക് പറയണമെന്ന് തോന്നിയത് കൊണ്ടാണ്

മോഹൻലാൽ എന്ന നടൻ ഞങ്ങൾക്ക് വലിയ ആളാണ് അടൂർ സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്, മോഹൻലാലിനെ ഗുണ്ടയായിട്ട് കാണുന്ന അടൂർ സാറിനോട് ഞങ്ങൾക്ക് അഭിപ്രായമില്ല. സാർ മോഹൻലാൽ സാധാരണക്കാരനായിട്ട് അഭിനയിച്ച ഒരുപാട് സിനിമകളുണ്ട്. ഏയ് ഓട്ടോ, ടി.പി ബാലഗോപാലൻ എം.എ, വെള്ളാനകളുടെ നാട്, കിരീടം തുടങ്ങി ഒരുപാട് സിനിമകളുണ്ട് .

അടൂർ സാറിന് ലാലേട്ടൻ ഗുണ്ടയായിട്ട് തൊന്നുന്നുണ്ടാകും പക്ഷെ ഞങ്ങൾക്ക് തോന്നുന്നില്ല . അടൂർ സാറിനോടുള്ള എല്ലാ ബഹുമാനവും വെച്ചിട്ട് പറയട്ടെ സാർ സാറിന്റെ പടത്തിൽ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല പക്ഷെ മോഹൻലാൽ എന്നും വലിയ നടനാണ്. വലിയ മനുഷ്യനാണ്. സാർ സാറിന് പറ്റിയ ആളുകളെകൊണ്ട് അഭിനയിപ്പിച്ചോളൂ പക്ഷെ ലാലേട്ടന് നേരെ മോശം വാക്കുകൾ ഉപയോഗിക്കരുത്’.