മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് പരാജയം; കോലി ടോപ് സ്‌കോറർ

single-img
22 March 2023

ഓസ്ട്രേലിയക്കെതിരായി ഇന്ന് നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 21 റൺസിന്റെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ മുന്നോട്ടുവച്ച 270 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 248 റൺസെടുക്കുന്നതിനിടെ ഓൾ ഔട്ടാകുകയായിരുന്നു.

ഇന്നത്തെ ജയത്തോടെ ഓസ്ട്രേലിയ പരമ്പര നേടി. 54 റൺസ് നേടിയ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്ക് വേണ്ടി ആദം സാമ്പ 4 വിക്കറ്റ് വീഴ്ത്തി. രണ്ടാമത് ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി രോഹിത് ശർമയും ശുഭ്മൻ ഗിലും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. രോഹിത് ടി-20 ശൈലിയിൽ അടിച്ചുതകർത്തപ്പോൾ ഇന്ത്യൻ സ്കോർ കുതിച്ചു.

ഇരുവരും ചേർന്നുള്ള 65 റൺസ് നീണ്ട കൂട്ടുകെട്ടിനൊടുവിൽ രോഹിത് ആദ്യം മടങ്ങി. 17 പന്തിൽ 30 റൺസെടുത്താണ് രോഹിത് പുറത്തായത്. പിന്നാലെ ശുഭ്മൻ ഗിലും (37) ഏറെ വൈകാതെ മടങ്ങി. അടുത്തതായി മൂന്നാം വിക്കറ്റിൽ വിരാട് കോലിയും കെഎൽ രാഹുലും ചേർന്ന് 69 റൺസ് കൂട്ടുകെട്ടുയർത്തി ഇന്ത്യക്ക് പ്രതീക്ഷ നൽകി. പക്ഷെ , 32 റൺസെടുത്ത് രാഹുലും പിന്നാലെ അക്സർ പട്ടേലും (2) മടങ്ങിയതോടെ ഓസ്ട്രേലിയ പിടിമുറുക്കി. ഈ സമയം കോലി ഫിഫ്റ്റി തികച്ചു. സ്കോർ ഉയർത്താനുള്ള ശ്രമത്തിനിടെ കോലിയും തൊട്ടടുത്ത പന്തിൽ സൂര്യകുമാർ യാദവും (0) പുറത്താകുകയായിരുന്നു.