കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കേയ്ക്ക് നേരെ ബിജെപി പ്രവർത്തകരുടെ വധഭീഷണി

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പാര്‍ട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. ബിജെപി പ്രവര്‍ത്തകരില്‍ നിന്നാണ് അഭിജീത് ദിപ്കേയ്ക്ക് ഭീഷണി സന്ദേശമെത്തിയത്. വാട്ട്‌സ്ആപ്പിലൂടെയാണ് സിജെപി സ്ഥാപകൻ അഭിജിത്തിന് ഭീഷണി സന്ദേശമെത്തിയത്.
അക്കൗണ്ട് ഉടന്‍ നീക്കം ചെയ്തില്ലെങ്കില്‍ ആക്രമിക്കുമെന്നും വധിക്കുമെന്നുമാണ് ഭീഷണി. അക്കൗണ്ട് നീക്കിയാല്‍ പണം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ബിജെപി പ്രവര്‍ത്തകരില്‍ നിന്നെത്തിയ ഭീഷണി സന്ദേശം തന്റെ എക്‌സ് അക്കൗണ്ട് വഴിയാണ് അഭിജിത്ത് ദിപ്കേ പുറത്ത് വിട്ടത്. എക്‌സിലെ പുതിയ അക്കൗണ്ടിന് 24 മണിക്കൂറിനകം ഒന്നര ലക്ഷം പേരുടെ പിന്തുണ ലഭിച്ചതിന് പിന്നാലെയാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ മകന്‍ അറസ്സ് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ദീപ്കേയുടെ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു.
അതേസമയം രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണി ആയതിനാലാണ് സിജെപിയുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത് എന്നാണ് കേന്ദ്രത്തിന്റെ ന്യായീകരണം. സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എം പി രംഗത്തെത്തി.
യുവാക്കളുടെ പ്രതിഷേധത്തെയും രോഷത്തെയും രാജ്യദ്രോഹമായി കാണുന്നത് ഫാസിസ്റ്റ് രീതിയാണെന്ന് അദ്ദേഹം വിമർശിച്ചു. അതേസമയം സിജെപിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന് പൂട്ടിടാനും കേന്ദ്രം നീക്കം നടത്തുന്നതായാണ് റിപ്പോര്‍ട്ട്. 20 ദശലക്ഷത്തിലേറെ പേരാണ് സിജെപിയെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്.


