ഫേസ് ക്രീം മാറ്റിവച്ചു എന്നാരോപിച്ച് കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു; മകൾ പിടിയിൽ

single-img
23 January 2026

എറണാകുളം ജില്ലയിലെ പനങ്ങാട് അമ്മയെ ക്രൂരമായി മർദിച്ച സംഭവത്തിൽ മകൾ പൊലീസ് പിടിയിൽ. പനങ്ങാട് സ്വദേശിനിയായ നിവിയയാണ് അറസ്റ്റിലായത്. ഫേസ് ക്രീം മാറ്റിവച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പതിവായി ഉപയോഗിക്കുന്ന ഫേസ് ക്രീം എടുത്തുവെന്നാരോപിച്ചാണ് നിവിയ അമ്മ സരസുവിനെ ആദ്യം മുഖത്തും ദേഹത്തും മർദിച്ചത്. താൻ ക്രീം എടുത്തിട്ടില്ലെന്ന് സരസു പറഞ്ഞിട്ടും ആക്രമണം തുടർന്നതായാണ് വിവരം. പിന്നീട് കമ്പിപ്പാര ഉപയോഗിച്ച് മർദിച്ചതോടെ സരസുവിന്റെ വാരിയെല്ല് ഒടിഞ്ഞു. മർദനത്തിനിരയായ സരസു തൊഴിലുറപ്പ് തൊഴിലാളിയാണ്.

സരസുവിന്റെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഗുരുതരമായി പരിക്കേറ്റ അവരെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിന് ശേഷം നാടുവിട്ട നിവിയയെ പൊലീസ് വയനാട്ടിൽ നിന്നാണ് പിടികൂടിയത്. കൊലപാതകവും കഞ്ചാവ് കേസുകളും ഉൾപ്പെടെ മുൻകേസുകളുള്ള പ്രതിയായ നിവിയയ്‌ക്കെതിരെ ഗുണ്ടാ ആക്ട് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.