ഇന്ധനക്ഷാമം; സിലിണ്ടര്‍ ബുക്കിങ് നിയമം മാറി, ഇനി 45 ദിവസം കാത്തിരിക്കണം

single-img
12 March 2026

ഇന്ത്യയിലെ എൽപിജി സിലിണ്ടർ റീഫിൽ കാലയളവ് പരിഷ്‌ക്കരിച്ച് സർക്കാർ. ഗ്രാമപ്രദേശങ്ങളിലെ സിലിണ്ടർ റീഫിൽ കാലയളവ് 45 ദിവസമായി നീട്ടി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം. തിടുക്കത്തിലുള്ള ബുക്കിങുകൾ തടയുന്നതിനും വിതരണം മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്നതിനുമാണ് ഈ പുതിയ നിയമമെന്നാണ് അറിയിപ്പ്.

മുൻപ്, ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്ക് അനുവദിച്ചിരുന്ന റീഫിൽ കാലയളവ് 25 ദിവസമായിരുന്നു. നിർദിഷ്‌ഠ കാലയളവിനു ശേഷം എപ്പോൾ വേണമെങ്കിലും പുതിയ ഒന്ന് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ശരാശരി കുടുംബവും പ്രതിവർഷം അഞ്ച് എൽപിജി സിലിണ്ടറുകൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

അതിനാൽ, ഇടയ്ക്കിടെയുള്ള ബുക്കിംഗുകൾ ആവശ്യമില്ല. അതുകൊണ്ടാണ് ബുക്കിംഗ് വിൻഡോ 45 ദിവസത്തേക്ക് നീട്ടിയിരിക്കുന്നത്. എന്നാൽ പുതിയ നിയമം നഗരപ്രദേശങ്ങളിൽ ബാധകമല്ല. അവിടെ നിയമങ്ങൾ അതേപടി തുടരും. നഗരങ്ങളിലെ ഉപഭോക്താക്കൾക്ക് 25 ദിവസത്തിനുള്ളിൽ അവരുടെ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാം.

ഒരു മാസത്തിൽ രണ്ട് ബുക്കിങ് അനുവദനീയമല്ല

ആളുകൾ അടുത്തിടയായി 15 ദിവസം കൂടുമ്പോൾ സിലിണ്ടറുകൾ ബുക്ക് ചെയ്യുന്നുണ്ടായിരുന്നതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷ സാഹചര്യം കണക്കിലെടുത്ത് ആശങ്കപ്പെട്ടാണ് ഗാർഹിക ആവശ്യത്തിനായി ആളുകൾ ഒരു മാസത്തിൽ രണ്ട് ബുക്കിങ് ചെയ്‌തിരുന്നത്.

മുൻപ് ഈ ബുക്കിങ് കാലയളവ് ഏകദേശം 55 ദിവസമായിരുന്നു. 55 ദിവസത്തിലൊരിക്കൽ സിലിണ്ടറുകൾ ബുക്ക് ചെയ്‌തിരുന്നവർ ഇപ്പോൾ 15 ദിവസത്തിലൊരിക്കൽ സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ തുടങ്ങിയത് പൊതു വിതരണത്തെ ബാധിക്കും. ഇത് തടയാനാണ് പുതിയ നിയമം സർക്കാർ കൊണ്ടുവന്നത്.