കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണന: മന്ത്രി കെ എന്‍ ബാലഗോപാല്‍

single-img
1 February 2023

കേന്ദ്ര ധനമന്ത്രി ഇന്ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. താഴേത്തട്ടില്‍ ഗുണമുണ്ടാക്കുന്നതല്ല ബജറ്റെന്നും കേരളം ഒരുപാട് കാര്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പല പ്രധാന പദ്ധതികളുടെയും തുക കുറച്ചതായി.

മാത്രമല്ല,എയിംസ് പോലെ കേരളം പ്രത്യേകം ആവശ്യപ്പെട്ട കാര്യങ്ങള്‍ പരിഗണിച്ചില്ല. എയിംസ് കേരളത്തിന് കിട്ടാന്‍ ഏറ്റവും അര്‍ഹതയുള്ള പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പ്ലാന്റേഷന്‍ മേഖലയ്ക്കും പ്രത്യേകം പദ്ധതി ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതത്തില്‍ കേരളത്തോട് കാണിച്ചത് ക്രൂരമായ അവഗണനയാണെന്ന് അദ്ദേഹം പ്രതികരിച്ചു.

ഇതിനെല്ലാം പുറമെ പ്രവാസികള്‍ക്ക് ആവശ്യപ്പെട്ട സ്‌കീമുകളും നല്‍കിയില്ല. 6.4% ആണ് കേന്ദ്രത്തിന്റെ ധനക്കമ്മി. ധനകാര്യങ്ങളില്‍ സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്രം സ്വന്തം കാര്യത്തില്‍ അത് പാലിക്കുന്നില്ല. ഭക്ഷ്യസുരക്ഷക്ക് നീക്കിവച്ച തുക കുറവാണ്. വിള സംഭരണത്തിന് നീക്കിവച്ച തുകയും കുറച്ചു. സഹകരണ മേഖലയിലേക്കും കടന്നുകയറാന്‍ ശ്രമമുണ്ടെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.