ബിജെപിക്ക് വിടുപണി ചെയ്ത മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കാതെ സിപിഎം പുറത്താക്കണം: ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല. തൃശൂരില്‍ ഇത്തവണ പൂരം പൊളിച്ച് ബിജെപി സ്ഥാനാര്‍ഥിയെ ജയിപ്പിച്ചത് പിണറായി വിജയന്റെ നിര്‍ദേശാനുസരണമാണെന്ന എല്‍ഡിഎഫ് എംഎല്‍എ പിവി അന്‍വറിന്റെ കൃത്യമായ പ്രഖ്യാപനം ഞെട്ടിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ വഴിവിട്ട സഹായം പല കാര്യങ്ങളിലും ലഭിക്കുന്നതിനാണ് ഈ വിജയം എന്നാണ് അന്‍വര്‍ പറഞ്ഞിരിക്കുന്നത്. എന്തുകൊണ്ടാണ് പൂരം കലക്കാന്‍ നേതൃത്വം കൊടുത്ത എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി എന്തു വില കൊടുത്തും സംരക്ഷിക്കുന്നത്. എന്തിനാണ് എഡിജിപി അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് എന്നുമുള്ള കേരളജനതയുടെ മുഴുവന്‍ സന്ദേഹത്തിന് ഇപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്.
കേരളത്തിലെ മുഴുവന്‍ ജനങ്ങളോടുമുള്ള കൊലച്ചതിയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. പരസ്യമായി ബിജെപിയെ എതിര്‍ക്കുകയും ന്യൂനപക്ഷ പ്രേമം നടിക്കുകയും ചെയ്തിട്ട് കേരളത്തില്‍ നിന്ന് ഒരു പാര്‍ലമെന്റംഗത്തെ ബിജെപിക്ക് സംഭാവന ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്.
ഇതാണോ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി? ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. ബിജെപിക്കു വിടുപണി ചെയ്ത മുഖ്യമന്ത്രിയെ ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കാതെ പുറത്താക്കുകയാണ് സിപിഐഎം ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.