എസ്എഫ്ഐ ഗുണ്ടകളുടെ വിചാരണ കോടതിയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ പ്രതികളെ സിപിഎം സംരക്ഷിക്കുന്നു: കെ സുരേന്ദ്രൻ

single-img
1 March 2024

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാര്‍ത്ഥിന്റെ കൊലയാളികളെ സിപിഎം സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍. എസ്എഫ്‌ഐക്ക് പങ്കില്ലെന്ന മന്ത്രി പി രാജീവിന്റെ പ്രസ്താവന കേസ് അട്ടിമറിക്കാനെന്നും അദ്ദേഹം പറഞ്ഞു.

വെള്ളം പോലും കൊടുക്കാതെ വാരിയെല്ലുകള്‍ തകര്‍ത്ത് താലിബാന്‍ മോഡലില്‍ മണിക്കൂറുകളോളം കെട്ടിയിട്ട് വിചാരണ ചെയ്താണ് എസ്എഫ്‌ഐക്കാര്‍ സിദ്ധാര്‍ഥിനെ ക്രൂരമായി കൊല ചെയ്തതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ലോകത്തിനു മുന്‍പില്‍ കേരളത്തെ നാണംകെടുത്തിയ കേസ് ഗൗരവമായല്ല പൊലീസ് അന്വേഷിക്കുന്നത്. എസ്എഫ്ഐ ഗുണ്ടകളുടെ വിചാരണ കോടതിയില്‍ കൊല്ലപ്പെട്ട സിദ്ധാര്‍ഥിന്റെ പ്രതികളെ സിപിഐഎം സംരക്ഷിക്കുകയാണ്.

കോളേജ് ഡീനും വാര്‍ഡനും ഉള്‍പ്പെട്ട ജീവനക്കാര്‍ പ്രതികളെ സഹായിച്ചിട്ടും അവര്‍ക്കെതിരെ നടപടിയെടുക്കാത്തത് ദുരൂഹമാണ്. അവര്‍ക്ക് അതിന് ഇടതുപക്ഷക്കാരായ അധികൃതരുടെ പിന്തുണ ലഭിച്ചെന്നത് സിപിഐഎമ്മിന്റെ ചോരക്കൊതിയന്‍ സമീപനത്തിന് തെളിവാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സിദ്ധാര്‍ഥ് എസ്എഫ്‌ഐക്കാരനായിരുന്നുവെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹത്തിന്റെ വീടിനു മുമ്പില്‍ ഡിവൈഎഫ്‌ഐ ഫ്‌ലക്‌സ് വച്ചത് മനുഷ്യത്വരഹിതമായ കാര്യമാണ്.

ഫ്ളക്സ് എടുത്തു മാറ്റാന്‍ സിദ്ധാര്‍ഥിന്റെ പിതാവ് ആവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവാതിരുന്ന ഡിവൈഎഫ്‌ഐ പൊതുസമൂഹത്തെ വെല്ലുവിളിക്കുകയാണ്. കൊലപ്പെടുത്തിയ ശേഷവും സിദ്ധാര്‍ഥിനെ വേട്ടയാടുന്ന സമീപനമാണ് സിപിഐഎം കൈകക്കൊള്ളുന്നതെന്നും കെ.സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.