ബിജെപിയുടെ വോട്ട് കിട്ടുന്ന ഒരേയൊരു പാർട്ടിയേ കേരളത്തിലുള്ളൂ അത് സിപിഎമ്മാണ്: കെസി വേണുഗോപാൽ

single-img
7 September 2023

പുതുപ്പള്ളിയിൽ ഇത്തവണ കോൺഗ്രസിന് കിട്ടുന്നത് ആർഎസ്എസിന്റെ വോട്ടല്ല, പകരം മാർക്സിസ്റ്റ് പാർട്ടിയുടെ വോട്ടായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മണ്ഢലത്തിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ ആരോപണത്തിനാണ് കെ സി വേണുഗോപാലിന്റെ മറുപടി.

എം വി ഗോവിന്ദൻ മാസ്റ്ററുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലാണെന്നും കോൺഗ്രസ് ഒരു കാലത്തും സംഘപരിവാറുമായും ബിജെപിയുമായും സന്ധി ചെയ്യില്ലെന്നും വേണുഗോപാൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാർഷികത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരുപാട് വോട്ട് ഇത്തവണ ചാണ്ടി ഉമ്മന് ലഭിക്കും.

ബിജെപിയുടെ വോട്ട് കിട്ടുന്ന ഒരേയൊരു പാർട്ടിയേ കേരളത്തിലുള്ളൂ അത് സിപിഎമ്മാണ്. രണ്ട് പേരുടെയും ശത്രു കോൺഗ്രസാണ്. അതിനാൽ ആ തൊപ്പി ചേരുന്നത് എം വി ഗോവിന്ദനും സിപിഎമ്മിനുമാണെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.

ഉമ്മൻ ചാണ്ടിയെ വേട്ടയാടിയതിനുള്ള മറുപടിയായിരിക്കും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം. പിണറായി സർക്കാരിനെതിരെയുള്ള വിലയിരുത്തൽ കൂടിയാകും ഫലമെന്നും പുതുപ്പള്ളിയിൽ യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.