തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നു: കെ സി വേണുഗോപാൽ

single-img
2 April 2026

തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി പി എം പയ്യന്നൂരും തളിപ്പറമ്പിലും വ്യാജ തിരിച്ചറിയൽ കാർഡ് നിർമിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി .പയ്യന്നൂരിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന വേളയിലായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യാപകമായി കള്ളവോട്ട് ചെയ്യാനാണ് സി പി എം ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നത്.

സിപിഎം അംഗങ്ങളുടെ തന്നെ ഇലക്ഷൻ ഐ ഡി കാർഡുകളാണ് ഉണ്ടാക്കുന്നത് എന്നതാണ് രസകരമായ കാര്യം. അവർക്ക് സ്വന്തം അണികളെ പോലും വിശ്വാസമില്ലാതായിരിക്കുന്നു. സി പി എം വിമത സ്ഥാനാർഥികളെ എങ്ങനെയെങ്കിലും തോൽപ്പിക്കുക എന്നതാണ് ലക്ഷ്യം.

എന്നാൽ ഇത്തരത്തിൽ കൃത്രിമ ഐഡന്റിറ്റി കാർഡുകൾ എവിടെയാണ് പ്രിന്റ് ചെയ്യുന്നതെന്നും വിതരണം ചെയ്യാൻ പോകുന്നതെന്നും കോൺഗ്രസ് ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം . കൃത്രിമം കാണിക്കാൻ കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥർ നിയമനടപടിക്ക് വിധേയരാകുമെന്ന് ഉറപ്പാണ്. ഇനി വരാൻ പോകുന്നത് യു ഡി എഫ് സർക്കാരാണ് എന്ന കാര്യം അവർക്ക് ഓർമയിൽ ഉണ്ടാകണമെന്നും കെ സി വേണുഗോപാൽ എം പി പറഞ്ഞു.