മൂന്നാം വട്ടവും സിപിഎം അധികാരത്തില്‍ വരുന്നത് പാര്‍ട്ടിയെ നശിപ്പിക്കും; അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണം: കെ സച്ചിദാനന്ദന്‍

single-img
20 August 2023

തുടർച്ചയായി മൂന്നാമതും സിപിഎം കേരളത്തിൽ അധികാരത്തില്‍ വരാതിരിക്കാന്‍ സഖാക്കള്‍ പ്രാര്‍ത്ഥിക്കണമെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. രണ്ടുതവണ അധികാരത്തിലേറുമ്പോള്‍ പാര്‍ട്ടിക്ക് ധാര്‍ഷ്ട്യം കൂടും. മൂന്നാമതും അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയെ നശിപ്പിക്കും.

ഉദാഹരണമായി പശ്ചിമ ബംഗാളില്‍ നാം അത് കണ്ടതാണെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സച്ചിദാനന്ദന്റെ പ്രതികരണം. യുഎപിഎയും സമാനമായ മറ്റുള്ള നിയമനിര്‍മ്മാണങ്ങളും എനിക്ക് അംഗീകരിക്കാനാകില്ല. ഗ്രോ വാസുവിനെതിരായ നിലപാട്, ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ പാടില്ലാത്തതാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ചില തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം, ഒരു പാര്‍ട്ടിയും തങ്ങളേക്കാള്‍ വലുതാകുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന പൊതു ജനങ്ങളുടെ ഒരു തിരുത്തല്‍ ശക്തി കേരളത്തിലുണ്ടെന്നും സച്ചിദാനന്ദന്‍ അഭിപ്രായപ്പെട്ടു. ഇടതു പക്ഷ സര്‍ക്കാരിന്റെ പൊലീസ് നയത്തോട് വിയോജിപ്പുണ്ട്. യുഎപിഎ നിയമം, മാവോയിസ്റ്റ് വേട്ട തുടങ്ങിയവയില്‍ പോലീസ് നടപടികളെ എപ്പോഴും എതിര്‍ത്തിട്ടുണ്ട്.

സംസ്ഥാന പോലീസ് സേനയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിനു കാരണമെന്നാണ് ഇടതുപക്ഷക്കാര്‍ ഉയര്‍ത്തുന്ന വാദം. അതൊരു ന്യായീകരണവും കാരണവുമാകാം-സച്ചിദാനന്ദന്‍ പറഞ്ഞു.