പ്രതിഷേധക്കാരെ തെരുവില്‍ ഇറങ്ങി തല്ലി; മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

single-img
23 December 2023

സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ തെരുവില്‍ ഇറങ്ങി തല്ലിയ മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി. ആലപ്പുഴ സൗത്ത് പൊലീസിനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. മര്‍ദ്ദനമേറ്റ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എ ഡി തോമസ് നല്‍കിയ ഹര്‍ജിയിലാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടി. പൊലീസ് കസ്റ്റഡിയിലിരിക്കേയാണ് ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

ഈ വിവരം കോടതി അംഗീകരിച്ചാണ് കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, സുരക്ഷാ ഉദ്യോഗസ്ഥന്‍ സന്ദീപ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെയുമായിരുന്നു തോമസിന്റെ ഹർജി. വിഷയത്തിൽ എസ്.പിക്കുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. എന്നാൽ തങ്ങളുടെ ജോലിയുടെ ഭാഗമായി നടത്തിയ ചെയ്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. പിന്നാലെ വീഡിയോ സഹിതം കോടതിയില്‍ സ്വകാര്യ ഹര്‍ജി നൽകുകയായിരുന്നു തോമസ്.

നവകേരള സദസ്സിനുവേണ്ടി മുഖ്യമന്ത്രിയും മറ്റുള്ള മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് ആലപ്പുഴ ജനറല്‍ ആശുപത്രി ജങ്ഷനില്‍ എത്തിയപ്പോഴായിരുന്നു യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ അംഗരക്ഷകര്‍ മര്‍ദിച്ചത്. മുദ്രാവാക്യം വിളിച്ച രണ്ടുപ്രവര്‍ത്തകരെ ആദ്യം സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ സമീപത്തെ കടയുടെ മുന്നിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ബസ് കടന്നുപോകുകയും ചെയ്തു. എന്നാല്‍, ബസിനൊപ്പം വാഹന വ്യൂഹത്തിലുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പടെയുള്ള അംഗരക്ഷകര്‍ കാറില്‍നിന്ന് ഇറങ്ങിവന്നശേഷം ഇരുവരേയും ലാത്തികൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു .