രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചിക കുത്തനെ ഇടിയുന്നു: എഎ റഹിം

single-img
20 December 2022

രാജ്യത്തെ വ്യാവസായിക ഉൽപ്പാദന സൂചിക (ഐഐപി) കുത്തനെ ഇടിയുകയാണ് എന്ന് രാജ്യസഭയിൽ എ എ റഹിം എംപി . രാജ്യത്തെ തൊഴിലില്ലായ്മ തുറന്നു കാട്ടുന്ന കണക്കാണിത്. കേന്ദ്ര സർക്കാരിന്റെ സ്വന്തം നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് (എൻഎസ്ഒ) ഐഐപിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വർഷം ഒക്ടോബറിലെ കണക്കുകൾ കാണിക്കുന്നത് ഐഐപി 26 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ -4 ശതമാനത്തിലേക്ക് താഴ്ന്നു എന്നാണ്. വ്യാവസായിക മേഖല വലിയ പ്രതിസന്ധി നേരിടുന്നതായി കാണിക്കുന്ന ഈ കണക്ക് അത്യന്തം ആശങ്കാജനകമാണ്. രാജ്യത്തെ യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് വ്യവസായ മേഖല നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

കോടികൾ മുടക്കി മേക്ക് ഇൻ ഇന്ത്യയുടെ പരസ്യങ്ങൾ ഇറക്കിയും അത്മനിർഭർ ഭാരത് തുടങ്ങിയ പുതിയ വാചകങ്ങളും കൊണ്ടുവന്നിട്ടും വ്യവസായ മേഖല പ്രതിസന്ധിയിലാണ്. ബിജെപി സർക്കാർ പൊള്ളയായ കുപ്രചരണങ്ങൾ അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്താൻ പ്രവർത്തിക്കണമെന്ന് റഹിം ആവശ്യപ്പെട്ടു..