അസം പൊലീസിലെ വിവാദ സബ് ഇൻസ്‌പെക്ടർ ജുൻമോനി രാഭയുടെ ദുരൂഹ മരണം; അന്വേഷണം സിബിഐയ്ക്ക്

single-img
21 May 2023

‘ലേഡി സിങ്കം’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അസം പൊലീസിലെ സബ് ഇൻസ്പെക്ടർ ജുൻമോനി രാഭയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് പ്രവേശനം സി.ബി.ഐക്ക് വിട്ടു. മേയ് 16-ന് പുലർച്ചെ 2.30-ഓടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കിൽ ഇടിച്ചായിരുന്നു അപകടം നടന്നത്. സ്ഥലത്തെത്തിയ പൊലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പോലീസ് ഉദ്യോഗസ്ഥയുടെ അപകടത്തിൽ ദുരൂഹതയുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം വേണമെന്നും രാഭയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.തുടർന്ന് സി.ഐ.ഡി അന്വേഷണത്തിന് ഡി.ജി.പി ജി.പി സിങ് ഉത്തരവിട്ടിരുന്നു. അതേസമയം, രാഭയുടെ മരണം കൊലപാതകമെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം അസമിലെ സി.ഐ.ഡിക്ക് കൈമാറിയത്. സി.ഐ.ഡി അന്വേഷണം അവലോകനം ചെയ്തതിന് പിന്നാലെയാണ് കേസ് സിബിഐക്ക് കൈമാറാൻ തീരുമാനിച്ചതെന്ന് ഡി.ജി.പി ജി.പി സിങ് അറിയിച്ചു.

സംഭവത്തിൽ അപകടം നടന്ന ജില്ലയിലെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉദ്യോഗസ്ഥ സിവിൽ ഡ്രസിൽ ഒരു സ്വകാര്യവാഹനത്തിൽ അപ്പർ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള ട്രക്ക് ആണ് ഇവരുടെ വാഹനത്തിൽ ഇടിച്ചത്. ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അപകടസമയത്ത് വാഹനമോടിച്ചിരുന്ന ഡ്രൈവർ രക്ഷപ്പെട്ടിരുന്നു.

അസമിലെ മൊറിക്കോലോങ് പൊലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റിയത്. പക്ഷെ സാമ്പത്തിക വിഷയങ്ങൾ ഉൾപ്പടെ നിരവധി ആരോപണങ്ങളും ഇവർക്കെതിരെ ഉണ്ടായിരുന്നു. രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.