ജോസ് കെ മാണിക്ക് യുഡിഎഫിലേക്ക് ക്ഷണവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം

single-img
15 May 2024

ഇടതുമുന്നണിയിൽ നിന്നും കേരളാ കോൺ​ഗ്രസ് എം നേതാവ് ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺ​ഗ്രസ് മുഖപത്രം വീക്ഷണം. ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തിൽ വെന്തുരുകരുത് എന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും മുഖപ്രസം​ഗത്തിൽ പറയുന്നു.

വിവാഹ വാഗ്ദാനം നൽകി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലിൽ ആണ് കേരളാ കോൺ​ഗ്രസ് എം എന്നും ലേഖനത്തിൽ പരാമർശിക്കുന്നു . കേരളാ കോൺ​ഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാർത്തി കാരണമാണ്. യുഡിഎഫിനോട് കാണിച്ചത് കൊടുംചതിയാണെന്നും ജോസിന് രാഷ്ട്രീയത്തിന്റെ നഴ്സറി പാഠങ്ങൾ പോലും വശമില്ലെന്നും ലേഖനം പറയുന്നു.

ജോസിന് ഇടതുമുന്നണി നൽകിയ രാജ്യസഭാ സീറ്റിലുള്ളത് 30 വെള്ളിക്കാശിന്റെ പാപക്കറ. ഘടകകക്ഷികളെ അവഗണിക്കുന്ന രീതി കോൺഗ്രസിനില്ല. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നൽകിയത് മുന്നണി മര്യാദയാണ്. ജോസ് കെ മാണി കൗശലമില്ലാത്ത നേതാവാണ്. ജോസിനെ ലാളിച്ച സിപിഎം ആവേശം ആറിത്തണുത്തെന്നും മുഖപ്രസംഗത്തിൽ പരിഹസിക്കുന്നു.