കോൺഗ്രസ് വാഗ്ദാനങ്ങള്‍ വെറും നുണ; ഭൂരിപക്ഷം ഉണ്ടായിട്ടും കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ല: പ്രധാനമന്ത്രി

കേരളത്തില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ഉണ്ടായിട്ടും കേരളത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നില്ലെന്നു അദ്ദേഹം പരിഹസിച്ചു.
കോണ്‍ഗ്രസ് വഞ്ചനയുടെ പാര്‍ട്ടിയാണെന്നും വാഗ്ദാനങ്ങള്‍ വെറും നുണയാണെന്നും അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അധികാര തര്‍ക്കങ്ങള്‍ വിശദീകരിക്കുമ്പോഴാണ് കേരളത്തിലെ സാഹചര്യത്തെ ചൂണ്ടിക്കാട്ടി അദ്ദേഹം പരിഹസിച്ചത്. ബംഗളൂരുവില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് അദ്ദേഹം വിമര്‍ശനവും പരിഹാസവും ഉയര്‍ത്തിയത്.
‘കര്‍ണാടകയിലെ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സമയമില്ല. അവരുടെ ആഭ്യന്തര തര്‍ക്കങ്ങള്‍ തീര്‍ക്കുന്ന തിരക്കിലാണ് നേതൃത്വം. കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ ഇതു കാണുന്നുണ്ട്. ഇപ്പോള്‍ ഇതേ സാഹചര്യം കേരളത്തിലും ആവര്‍ത്തിക്കുന്നു. അവര്‍ക്ക് ഒരു നേതാവിനെ കണ്ടെത്താനോ, അല്ലെങ്കില്‍ രണ്ട് മുഖ്യമന്ത്രിമാര്‍ക്ക് രണ്ടര വര്‍ഷം, അല്ലെങ്കില്‍ അഞ്ച് മുഖ്യമന്ത്രിമാര്‍ക്ക് ഒരു വര്‍ഷം എന്ന രീതിയിലുള്ള ഒരു ഫോര്‍മുലയോ ഉണ്ടാക്കാന്‍ സാധിക്കുന്നില്ല. രാജസ്ഥാനിലും ഛത്തീസ്ഗഢിലും അവര്‍ ഇതുതന്നെയാണ് ചെയ്തത്. ഇപ്പോള്‍ കേരളത്തിന്റെ ഊഴം എത്തി’- അദ്ദേഹം വ്യക്തമാക്കി.


