എ.ഡി.ജി.പി എസ്. ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; മാധ്യമസ്വാതന്ത്ര്യ ലംഘനാരോപണം

single-img
16 February 2026

എ.ഡി.ജി.പി എസ് ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി . സൗത്ത് ലൈവ് മാനേജിങ് എഡിറ്ററും കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (ഇന്ത്യ) പ്രസിഡന്റുമായ സാജ് കുര്യനാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി നൽകിയത്. മാധ്യമസ്വാതന്ത്ര്യത്തിൽ ഇടപെടലും അധികാര ദുരുപയോഗവും ചൂണ്ടിക്കാട്ടിയാണ് പരാതി.

എ.ഡി.ജിപിയുടെ അബുദാബി യാത്രയെക്കുറിച്ചുള്ള തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന്റെ പരാതി സൗത്ത് ലൈവ് വാർത്തയാക്കിയിരുന്നു. ഈ വാർത്ത പിൻവലിക്കണമെന്നാവശ്യപ്പെട്ട് സൈബർ പൊലീസിൽ നിന്നു സമ്മർദമുണ്ടായതായി സൗത്ത് ലൈവ് ആരോപിക്കുന്നു. ഒരു സ്വകാര്യ ആയുർവേദ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് ശ്രീജിത്ത് അബുദാബിയിൽ എത്തിയതെന്നാണ് റിപ്പോർട്ട്. ആ സ്ഥാപനത്തിന്റെ ഉടമ നൽകിയ പരാതിയിൽ സൗത്ത് ലൈവിനെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.

ശ്രീജിത്ത് ചട്ടലംഘനവും അധികാര ദുരുപയോഗവും നടത്തിയെന്ന ബോധ്യത്തിലാണ് വാർത്ത പ്രസിദ്ധീകരിച്ചതെന്ന് സാജ് കുര്യൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. സൈബർ പൊലീസ് മേധാവിയായ എ.ഡി.ജി.പി ശ്രീജിത്തിന്റെ ഇടപെടലിനെ തുടർന്നാണ് സൈബർ ഓപ്പറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥൻ വിളിച്ച് വാർത്ത പിൻവലിക്കാൻ ആവശ്യപ്പെട്ടതെന്നും ഭീഷണിപ്പെടുത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

മുൻപ് സൈബർ ഓപ്പറേഷൻസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ വൺ ഇന്ത്യ മലയാളവും ഡെയ്ലി ഹണ്ട് ന്യൂസ് ഫീഡ് ആപ്പും സമാന സമ്മർദങ്ങൾ നേരിട്ടതായി ആരോപണമുണ്ട്. എ.ഡി.ജി.പി ശ്രീജിത്തിനെതിരെ യു.പി.എസ്.സിക്ക് ലഭിച്ച പരാതിയെക്കുറിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് നടപടി ഉണ്ടായതെന്നാണ് സൂചന. ആ വാർത്ത നീക്കം ചെയ്യണമെന്ന് ബന്ധപ്പെട്ട മാധ്യമങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെന്നും സൗത്ത് ലൈവ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.