1980ലെ മൊറാദാബാദ് വർ​ഗീയ കലാപത്തിന് കാരണം രണ്ട് മുസ്ലിം ലീ​ഗ് നേതാക്കളെന്ന് അന്വേഷണ കമ്മീഷൻ

single-img
9 August 2023

ലഖ്‌നൗ: 1980ലെ മൊറാദാബാദ് വർ​ഗീയ കലാപത്തിന് കാരണം രണ്ട് മുസ്ലിം ലീ​ഗ് നേതാക്കളെന്ന് അന്വേഷണ കമ്മീഷൻ. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോ​ഗിച്ച ജസ്റ്റിസ് മഥുര പ്രസാദ് സക്‌സേന ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് ചൊവ്വാഴ്ച യുപി നിയമസഭയിൽ അവതരിപ്പിച്ചു. വർ​ഗീയ കലാപത്തിൽ 83 പേർക്കാണ് ജീവൻ നഷ്ടമായത്. കലാപം നിയന്ത്രിക്കാൻ പൊലീസ് നടത്തിയ വെടിവെപ്പിനെയും കമ്മീഷൻ ന്യായീകരിച്ചു. ഓ​ഗസ്റ്റ് 13ന് നടന്ന കലാപത്തിന് പിന്നിൽ മുസ്ലീം ലീഗ് നേതാക്കളായ ഡോ. ഷമീം അഹമ്മദും ഡോ. ഹമീദ് ഹുസൈനുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഈദ് ദിനത്തിൽ ഈദ്ഗാഹിൽലേക്ക് പന്നികളെ അഴിച്ചുവിട്ടുവെന്നും ഈദ്ഗാഹിലെ വെടിവെപ്പിൽ‌ ധാരാളം മുസ്ലീങ്ങൾ കൊല്ലപ്പെട്ടുവെന്നുമുള്ള കിംവദന്തി ഇവർ മനഃപൂർവം പ്രചരിപ്പിച്ചതാണ് കലാപത്തിന് കാരണമായതെന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. കിംവദന്തി പ്രചരിച്ച ശേഷം പൊലീസ് സ്റ്റേഷനുകൾക്കും ആളുകൾക്കും നേരെ ആക്രമണമുണ്ടാകുകയും എതിർവിഭാ​ഗത്തിന്റെ തിരിച്ചടിയുമായപ്പോൾ നഗരം വർഗീയ കലാപത്തിന് സാക്ഷ്യം വ​ഹിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന പാർലമെന്ററി കാര്യ മന്ത്രി സുരേഷ് കുമാർ ഖന്നയാണ്  യുപി നിയമസഭയിൽ റിപ്പോർട്ട് അവതരിപ്പിച്ചത്. 

അക്രമത്തിൽ ആർഎസ്എസിൻറെയോ ബിജെപിയുടെയോ പങ്കോ സാധാരണ മുസ്ലീങ്ങളുടെ പങ്കോ ഇതുവരെ പുറത്തുവന്നിട്ടില്ലെന്നും  കമ്മീഷൻ പറയുന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അലംഭാവം ഉണ്ടായിട്ടില്ല. ജില്ലാ ഭരണകൂടവും പോലീസും സംയമനം പാലിച്ചുവെന്നും കമ്മീഷൻ വ്യക്തമാക്കി. നാല് പതിറ്റാണ്ടിന് ശേഷമാണ് റിപ്പോർട്ട് പുറത്തുവിടുന്നത്. 1980 ആഗസ്റ്റ് 13 ന് ശേഷവും കലാപം തുടർന്നു‌. ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള കൂടുതൽ ആളുകൾ കൊല്ലപ്പെട്ടു. ഭൂരിഭാഗം ആളുകളും തിക്കിലും തിരക്കിലും പെട്ട് കൊല്ലപ്പെട്ടുവെന്നാണ് ഇപ്പോൾ തെളിയിക്കപ്പെട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. 

1980 ഓഗസ്റ്റിൽ ആരംഭിച്ച മൊറാദാബാദ് കലാപം 1981 ജനുവരി വരെ നീണ്ടു. അന്ന് വിപി സിങ്ങിന്റെ നേതൃത്വത്തിൽ കോൺ​ഗ്രസ് സർക്കാറായിരുന്നു ഭരിച്ചത്. കലാപത്തിന് ശേഷം അന്നത്തെ മുഖ്യമന്ത്രി വി പി സിങ് അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി എം പി സക്‌സേനയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.