അബദ്ധത്തില്‍ പറ്റിയതാണെന്ന് അറിയാം; വിഷമിക്കണ്ട; എന്‍സിസി കേഡറ്റ് ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി

single-img
30 November 2023

മലപ്പുറം മഞ്ചേരിയില്‍ നടന്ന നവകേരള സദസ് വേദിയില്‍ തന്റെ കണ്ണില്‍ അബദ്ധത്തില്‍ കൈ തട്ടിയ എന്‍സിസി കേഡറ്റ് ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . കഴിഞ്ഞ ദിവസം നടന്ന പരിപാടിയില്‍ മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്ത് മടങ്ങുന്നതിനിടെയാണ് ജിന്റോയുടെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയത്. പിന്നാലെ കണ്ണ് മറച്ച് പിടിച്ച് സീറ്റിലിരുന്ന മുഖ്യമന്ത്രിയെ ജിന്റോ പരിചരിച്ചിരുന്നു.

ഇന്ന് പിവി അന്‍വര്‍ എംഎല്‍എയുടെ വീട്ടിൽ വച്ചായിരുന്നു ജിന്റോ മുഖ്യമന്ത്രിയെ വീണ്ടും കണ്ടത്. ജിന്റോയെ വാത്സല്യത്തോടെ സ്വീകരിച്ച മുഖ്യമന്ത്രി അബദ്ധത്തില്‍ പറ്റിയതാണെന്ന് തനിക്കറിയാമെന്നും വിഷമിക്കണ്ട, നന്നായി പഠിക്കണമെന്നും പറഞ്ഞ് ആശ്വസിപ്പിക്കുകയായിരുന്നു. പിന്നാലെ ജിന്റോയ്ക്ക് സമ്മാനമായി മുഖ്യമന്ത്രി ഒരു പേനയും നല്‍കിയാണ് യാത്ര അയച്ചത്.

സംഭവത്തെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ച് ജിന്റോയെ ആശ്വസിപ്പിച്ചിരുന്നു. മഞ്ചേരി ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജിന്റോ.