എംഎൽഎമാരുടെ വ്യാജ ഒപ്പുകൾ; മമത ബാനർജിയുടെ വസതിയിൽ സിഐഡി പരിശോധന

single-img
9 June 2026

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയുടെ വസതിയിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് സംഘം പരിശോധന നടത്തി. തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പുകൾ വ്യാജമായി ചമച്ചെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് നടപടി.സെർച്ച് വാറണ്ടുമായി എത്തിയായിരുന്നു പരിശോധന. കേസിന്റെ ഭാഗമായി തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയും മമതയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ വസതിയിലും സിഐഡി സംഘം ഒരേസമയം പരിശോധന നടത്തി.

സംസ്ഥാന അന്വേഷണ ഏജൻസി ഉദ്യോഗസ്ഥർ ഇന്ന് വൈകുന്നേരത്തോടെയാണ് കൊൽക്കത്തയിലെ 30ബി ഹരീഷ് ചാറ്റർജി സ്ട്രീറ്റിലുള്ള മമത ബാനർജിയുടെ വസതിയിലെത്തിയത്. ഈ വസതി തന്നെയാണ് തൃണമൂൽ കോൺഗ്രസിന്റെ കേന്ദ്ര പാർട്ടി ഓഫീസായും പ്രവർത്തിക്കുന്നത്.

പ്രാദേശിക പൊലീസിന്റെയും വൻ വനിതാ പൊലീസ് സന്നാഹത്തിന്റെയും അകമ്പടിയോടെയാണ് സിഐഡി സംഘം മമതയുടെ വീട്ടിലേത്തിയത്. ഇൻഡ്യ മുന്നണിയുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി മമത ബാനർജിയും അഭിഷേക് ബാനർജിയും ദില്ലിയിലായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് മുമ്പായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ സിഐഡി അഭിഷേക് ബാനർജിക്ക് മൂന്നാമതും നോട്ടീസ് നൽകിയിരുന്നു.