മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും എൻഡിഎയുടെ ഭാഗമാകണം; കേന്ദ്രമന്ത്രിയുടെ പരാമർശം ഭരണഘടനാ വിരുദ്ധം: എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി രാംദാസ് അത്താവലെയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കേരളത്തിന് ഇനി കേന്ദ്രസഹായം ലഭിക്കണമെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടിയും എൻഡിഎയുടെ (NDA) ഭാഗമാകണം എന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞത്. കണ്ണൂരിൽ നടത്തിയ പത്രസമ്മേളനത്തിൽ ആയിരുന്നു ഭരണഘടനാ വിരുദ്ധമായ പ്രസ്താവന.
ജനാധിപത്യ മൂല്യങ്ങളെയും ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന പ്രസ്താവനയാണ് രാംദാസ് അത്താവലെ നടത്തിയതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി. ഭരണഘടനാ വിരുദ്ധമായ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും അടങ്ങുന്ന ഒരു ഫെഡറൽ സംവിധാനമാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. എന്നാൽ ഇതിന് വിരുദ്ധമായി, കേരളത്തിന് അവകാശപ്പെട്ട സഹായങ്ങൾ നൽകുന്നതിന് രാഷ്ട്രീയ ഉപാധികൾ വെക്കുന്നത് തെറ്റായ നടപടിയാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിക്കേണ്ട ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് കേന്ദ്രം വരുത്തിയിക്കുന്നത്. അതേസമയം കേരളത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കേന്ദ്രമന്ത്രിക്ക് കൃത്യമായ ധാരണയില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. ആർഎസ്എസ്, ബിജെപി തുടങ്ങിയ വർഗീയ ശക്തികൾക്കെതിരെ ഓരോ ഇഞ്ചും പൊരുതിയാണ് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ മുന്നേറുന്നത്. വർഗീയ ശക്തികൾക്കെതിരായ ഈ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി


