സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള ഒടിടി പ്ലാറ്റ് ഫോം ലോഞ്ച് ചെയ്ത് മുഖ്യമന്ത്രി


കേരള സർക്കാരിന്റെ കീഴിലുള്ള ഓൺലൈൻ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ സി സ്‌പേസ് ഒടിടിയുടെ (C Space OTT) ഔദ്യോഗിക ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കൈരളി തിയേറ്ററിൽ നിർവഹിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കുന്നത് . കെഎസ്എഫ്സിഡിക്കാണ് സി- സ്പേസിന്‍റെ നിർവഹണ ചുമതല.
ഇതിനുള്ളിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി 60 അംഗ ക്യുറേറ്റർ സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ സി- സ്പേസിൽ പ്രദർശിപ്പിക്കൂ. ആദ്യഘട്ടത്തിൽ 42 സിനിമകൾ തെരഞ്ഞെടുത്തിട്ടുണ്ട്. 35 ഫീച്ചർ ഫിലിമുകളും ആറ് ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
ഉപയോഗിക്കുന്നവർ കാണുന്ന സിനിമയ്ക്ക് മാത്രം പണം ഈടാക്കുന്ന ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം കൂടിയാവും സി- സ്പേസ്. ഇത്തരത്തിൽ ഈടാക്കുന്ന തുകയുടെ പകുതി ലാഭവിഹിതമായി പ്രൊഡ്യൂസർക്ക് നൽകും. ആളുകൾക്ക് പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവ വഴി സി- സ്പേസ് ഡൗൺലോഡ് ചെയ്യാനാകും.