സ്ത്രീയോട് ‘ഐ ലവ് യു’ പറഞ്ഞതും കൈപിടിച്ച് വലിച്ചതും കുറ്റം; യുവാവിന്റെ ശിക്ഷ ശരിവെച്ച് ഛത്തീസ്ഗഢ് ഹൈക്കോടതി

ഒരു സ്ത്രീയോട് ‘ഐ ലവ് യു’ എന്ന് പറയുകയും അനുവാദമില്ലാതെ കൈപിടിച്ച് വലിക്കുകയും ചെയ്യുന്നത് സ്ത്രീത്വത്തെ അപമാനിക്കുന്നതും ക്രിമിനൽ കുറ്റവുമാണെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 354 പ്രകാരം ഇത്തരം പ്രവൃത്തികൾ നിയമനടപടികൾക്ക് വിധേയമാകുമെന്ന് ജസ്റ്റിസ് നരേഷ് കുമാർ ചന്ദ്രവൻഷി നിരീക്ഷിച്ചു.
സ്‌കൂളിൽ നിന്ന് മടങ്ങുകയായിരുന്ന പെൺകുട്ടിയെ കൈപിടിച്ച് വലിച്ച് പ്രണയാഭ്യർത്ഥന നടത്തിയ കേസിൽ യുവാവിനെ ശിക്ഷിച്ച വിചാരണക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതിയുടെ അപ്പീൽ തള്ളിക്കൊണ്ടു കോടതി, പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ഇത്തരം പെരുമാറ്റങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.
കേസിൽ വിചാരണക്കോടതി വിധിച്ചിരുന്ന മൂന്ന് വർഷത്തെ കഠിനതടവ്, പ്രതിയുടെ പ്രായവും സാഹചര്യങ്ങളും കണക്കിലെടുത്ത് ഹൈക്കോടതി ഒരു വർഷമായി കുറച്ചു. നിലവിൽ ജാമ്യത്തിലുള്ള പ്രതി ഉടൻ കീഴടങ്ങി ശേഷിക്കുന്ന തടവ് ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.


