റബ്ബറിന്റെ വിലയിടിവിനും റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങൾ;ജോസ് കെ മാണി

single-img
19 March 2023

റബ്ബറിന്റെ വിലയിടിവിനും റബ്ബര്‍ കര്‍ഷകരുടെ പ്രതിസന്ധിക്കും കാരണം കേന്ദ്രനയങ്ങളെന്ന് ജോസ് കെ മാണി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകാന്‍ പോകുന്നതും ഇതേ നയങ്ങള്‍ തന്നെയാണ്. സഭയുടെയും കേരള കോണ്‍ഗ്രസിന്റെയും നയങ്ങള്‍ കര്‍ഷകരെ സഹായിക്കണമെന്നതാണെന്നും ജോസ് കെ മാണി പറഞ്ഞു. റബര്‍ വില 300 രൂപയായി ഉയര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുമെന്ന് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് പറ‌ഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്ന നയങ്ങള്‍ തിരുത്തണമെന്നാണ് തലശ്ശേരി ആര്‍ച്ച്‌ ബിഷപ്പ് അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉദ്ദേശിച്ചത് എന്നാണ് താന്‍ മനസ്സിലാക്കുന്നത്. സഭയ്ക്ക് ഒരു രാഷ്ട്രീയവും ഇല്ലെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

ഒരു എംപി പോലുമില്ലെന്ന ബിജെപിയുടെ വിഷമം പരിഹരിച്ച്‌ തരുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. പറഞ്ഞത് കുടിയേറ്റ ജനതയുടെ വികാരമെന്നുമാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ വാക്കുകള്‍. കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷകറാലിയിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പിന്റെ വാഗ്ദാനം. കര്‍ഷകരെ സഹായിച്ചാല്‍ ബിജെപിയെ വോട്ട് ചെയ്ത് വിജയിപ്പിച്ച്‌ തരാം എന്നും അതുവഴി എം.പി ഇല്ലെന്ന വിഷമം മാറ്റിത്തരമാമെന്നുമാണ് ആര്‍ച്ച്‌ ബിഷപ് പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഏത് തുറുപ്പുചീട്ട് ഇറക്കിയാലും ബിജെപി ആഗ്രഹിക്കുന്നത് നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പ്രതികരിച്ചു.