കേരളത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി കേന്ദ്രസർക്കാർ സഹായം തരുന്നില്ല: മുഖ്യമന്ത്രി

single-img
15 May 2023

കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യത്തിലും കേരളത്തിനെ അവഗണിക്കുകയും ഉപദ്രവിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്. എങ്ങനെയൊക്കെ സംസ്ഥാനത്തെ വിഷമിപ്പിക്കാമെന്നാണ് കേന്ദ്രം നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് നടന്ന എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമര്‍ശം. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് സംസ്ഥാനങ്ങളുടെ അധികാരം കവരുകയാണ്. ദുരന്തങ്ങള്‍ വരുമ്പോള്‍ സംസ്ഥാനങ്ങളെ സഹായിക്കേണ്ടവരാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ കേരളത്തെ ദുരന്തകാലത്ത് കേന്ദ്രം സഹായിച്ചില്ല. മാത്രമല്ല സംസ്ഥാനത്തിന് ലഭിച്ച സഹായങ്ങള്‍ കേന്ദ്രം തടസപ്പെടുത്തുകയും ചെയ്തു. സംസ്ഥാനത്തിന് സഹായം തേടിയുള്ള വിദേശയാത്രകള്‍ക്ക് കേന്ദ്രം അനുമതി നിഷേധിച്ചെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിലെ ജനസംഖ്യയ്ക്ക് ആനുപാതികമായി കേന്ദ്രം സഹായം തരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോച്ച് ഫാക്ടറി പദ്ധതി കേന്ദ്രസര്‍ക്കാര്‍ മുടക്കി. എയിംസ് എന്ന ആവശ്യവും കേന്ദ്രം അനുവദിച്ചില്ല. എന്നിട്ടും സംസ്ഥാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.