അദാനിയെ അതിസമ്ബന്നനാക്കിയത് കേന്ദ്രസര്‍ക്കാർ; കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി

single-img
26 February 2023

ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒന്നാണെന്ന് കോണ്‍ഗ്രസ് പ്ലീനറി വേദിയില്‍ രാഹുല്‍ ഗാന്ധി.

അദാനിയെ അതിസമ്ബന്നനാക്കിയത് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ്. അദാനിയെ സംരക്ഷിക്കുന്നതെന്തിനാണെന്ന തന്‍്റെ ചോദ്യത്തിന് പ്രധാനമന്ത്രിക്ക് ഉത്തരമില്ല. പ്രധാനമന്ത്രിയും, മന്ത്രിമാരും, സര്‍ക്കാരും അദാനിയുടെ രക്ഷകരാകുന്നു. വിമര്‍ശം ഉന്നയിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്നു. പ്രതിരോധ മേഖലയില്‍ പോലും അദാനിയുടെ ഷെല്‍ കമ്ബനികള്‍ പ്രവര്‍ത്തിക്കുന്നു. ഷെല്‍ കമ്ബനികളെ സംബന്ധിച്ച നിഗൂഢത അങ്ങനെ തുടരുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ലളിതമായ ചോദ്യങ്ങളാണ് താന്‍ പ്രധാനമന്ത്രിയോട് ഉന്നയിച്ചത്. ഒന്നിനും മറുപടി കിട്ടിയില്ല. അതുകൊണ്ടൊന്നും പിന്നോട്ട് പോകില്ല. സത്യം പുറത്ത് വരുന്നത് വരെ പോരാട്ടം തുടരും. ഈസ്റ്റ് ഇന്ത്യ കമ്ബനിയെ നേരിട്ടത് പോലെ കോണ്‍ഗ്രസ്‌ അദാനിയെ നേരിടും. അത് ഒരു തപസ്യയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.


ലക്ഷക്കണക്കിന് ജനം ഇന്ത്യയിലുടനീളം ഭാരത് ജോഡോ യാത്രയില്‍ അണിചേര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതികൂല കാലാവസ്ഥകള്‍ അവഗണിച്ചായിരുന്നു യാത്രയില്‍ ഉടനീളം ജനം അണിനിരന്നത്. കേരളത്തിലൂടെ നടന്നപ്പോള്‍ അസഹനീയമായ കാല്‍മുട്ട് വേദനയുണ്ടായി. മുന്‍പോട്ട് പോകാനാകുമെന്ന് കരുതിയില്ല. കോളേജ് കാലത്ത് ഫുട്ബോള്‍ കളിച്ചപ്പോഴുണ്ടായ പരിക്കായിരുന്നു കാരണം. ജനങ്ങളെ കേള്‍ക്കണമായിരുന്നു. അതു കൊണ്ട് അത്തരം പ്രതിസന്ധികളെ അവഗണിച്ചു.

കൃഷി, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, രാസവള ലഭ്യത ഇതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങള്‍ ഉണ്ടെന്ന് കര്‍ഷകരോട് സംസാരിച്ചപ്പോള്‍ മനസിലായി. വിശപ്പും, ദാഹവുമൊക്കെ മറന്ന് ആയിരങ്ങള്‍ ഒപ്പം നടന്നു. കശ്മീരിലെ ലാല്‍ ചൗക്കില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ഇപ്പോള്‍ പ്രധാനമന്ത്രിക്ക് കഴിയുമോ? കശ്മീരിലെ യുവാക്കളുടെ ഹൃദയം കവര്‍ന്നത് കൊണ്ടാണ് തനിക്ക് അതിന് സാധിച്ചത്. കശ്മീരിലെ യുവാക്കള്‍ തീവ്രവാദികളല്ല.

ചൈനയുടെ സമ്ബദ് വ്യവസ്ഥ ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയേക്കാള്‍ വലുതാണെന്നാണ് വിദേശകാര്യ മന്ത്രി പറയുന്നത്. സവര്‍ക്കര്‍ സ്വീകരിച്ച നിലപാടിന് തുല്യമാണിത്. ബ്രിട്ടന്റെ സമ്ബദ് വ്യവസ്ഥ ഇന്ത്യയുടെ സമ്ബദ് വ്യവസ്ഥയേക്കാള്‍ വലുതാണെന്നാണ് സവര്‍ക്കര്‍ പണ്ട് പറഞ്ഞതെന്നും രാഹുല്‍ പ്രസംഗത്തിനിടെ വിമര്‍ശിച്ചു.