വീണ്ടും അവഗണന; കേരളത്തിന്റെ അവസാനപാദ കടമെടുപ്പും കേന്ദ്രസർക്കാർ വെട്ടിക്കുറചു: മന്ത്രി കെ എൻ ബാല​ഗോപാൽ

single-img
6 January 2024

കേരളത്തിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണന തുടരുന്നു. കേരളത്തിന്റെ അവസാനപാദ കടമെടുപ്പും കേന്ദ്രം വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ അറിയിച്ചു. നിലവിൽ 5600 കോടി രൂപയാണ് കേന്ദ്രം വെട്ടിക്കുറച്ചത്. സംസ്ഥാനം ആവശ്യപ്പെട്ടത് 7437.61 കോടി രൂപയാണ്. എന്നാൽ കേന്ദ്രം അനുവദിച്ചത് 1838 കോടി രൂപ മാത്രമാണ്. 2023 ൽ ആകെ കടമെടുപ്പ് അനുവാദം 45,689. 61 കോടിയായിരുന്നു. ഇതിൽ 32,442 കോടി പൊതുവിപണിയിൽ നിന്ന് കടമെടുക്കാമെന്ന് സാമ്പത്തിക വർഷം ആദ്യം കേന്ദ്രം സമ്മതിച്ചിരുന്നു.

അതേസമയം 14,400 കോടിയുടെ കടം നബാർഡ്, ദേശീയ സമ്പാദ്യ പദ്ധതി ഉൾപ്പെടെ സ്രോതസ്സുകളിൽ നിന്നാണ്. ഡിസംബർ വരെ പൊതുവിപണിയിൽ നിന്ന് 23,852 കോടി രൂപയുടെ കടമെടുപ്പിന് അനുമതി ലഭിച്ചിരുന്നു. ഇതുപ്രകാരം ബാക്കി 7437.61 കോടി രൂപയുടെ കടമെടുപ്പിനുള്ള അനുമതിയാണ് കേരളം തേടിയത്.

കേന്ദ്രസർക്കാരിന്റെ അവഗണനയെ തുടർന്ന് സംസ്ഥാനത്തിന്റെ അവസാനപാദ പ്രവർത്തനങ്ങളെല്ലാം അവതാളത്തിലാകും. സെപ്തംബർ മുതലുള്ള ക്ഷേമ പെൻഷൻ നൽകേണ്ടതുണ്ട്. വർഷാന്ത്യ ചെലവുകളും വലിയ പ്രതിസന്ധിയിലാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.