അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവ്; കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ മകളുടെ നിരാഹാര സമരം

single-img
7 February 2023

കൊച്ചി: അമ്മയുടെ മരണത്തിനു കാരണം ചികിത്സാ പിഴവെന്ന് ആരോപിച്ച്‌ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിക്കു മുന്നില്‍ മകളുടെ നിരാഹാര സമരം.

ആലുവ സ്വദേശി സുചിത്രയാണ് സമരം ചെയ്യുന്നത്. ഇവരുടെ അമ്മ സുശീല ദേവിയുടെ മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് സമരം. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിനു പിന്നാലെയാണ് ചികിത്സ പിഴവിനെതിരെ കളമശേരി മെഡിക്കല്‍ കോളേജിനു മുന്നില്‍ സമരം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മൂന്നിനാണ് സുശീലാ ദേവി മരിച്ചത്. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചികിത്സാ പിഴവാണ് മരണ കാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. ബന്ധുക്കള്‍ പരാതിയും നല്‍കി. മകള്‍ സുചിത്ര നിരവധി തവണ അന്വേഷണം ആവശ്യപ്പെട്ട പലരെയും കണ്ടിരുന്നു. ഡോ നിജാസ് എന്നയാളാണ് സുശീലാ ദേവിയെ ചികിത്സിച്ചതെന്നാണ് മെഡിക്കല്‍ കോളേജില്‍ നിന്ന് സുചിത്രയ്ക്ക് നല്‍കിയ രേഖകളില്‍ ഉള്ളത്.

എന്നാല്‍ പിന്നീട് വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകളില്‍ ഇങ്ങനെയൊരു ഡോക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഇല്ലെന്ന് പറയുന്നു. ഇതാണ് ചികിത്സാ പിഴവെന്ന സംശയം ബലപ്പെടാന്‍ കാരണം. ഡോക്ടര്‍ ആള്‍മാറാട്ടം നടത്തി തന്റെ അമ്മയെ ഇല്ലാതാക്കിയെന്ന് സുചിത്ര ആരോപിക്കുന്നു. സംഭവത്തില്‍ 2022 ജൂലൈ മാസത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹന്‍ കുറ്റവാളികളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ചികിത്സാ പിഴവ് സംബന്ധിച്ച്‌ ഇദ്ദേഹം അറിഞ്ഞിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സുചിത്ര കുറ്റപ്പെടുത്തി.

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് വിവാദത്തിലടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുകയാണ് കളമശേരി മെഡിക്കല്‍ കോളേജ്. ഈ ഘട്ടത്തിലാണ് സുചിത്രയുടെ സമരവും ഉയര്‍ന്ന് വരുന്നത്. എറണാകുളത്ത് അഭിഭാഷകയാണ് സുചിത്ര. കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഗണേഷ് മോഹനെ അടക്കം മാറ്റിനിര്‍ത്തി സംഭവത്തില്‍ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആദ്യം സുശീല ദേവിയെ ചികിത്സിച്ച ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സാ പിഴവ് ഉണ്ടായതെന്നാണ് കളമശേരി മെഡിക്കല്‍ കോളേജിന്‍റെ ഭാഗത്ത് നിന്നുള്ള വിശദീകരണം. സുശീല ദേവിയെ ചികിത്സിച്ച ഡോ ഷിജാസ് ആശുപത്രിയിലെ ഹൗസ് സര്‍ജനാണ്. അദ്ദേഹം സ്ഥിരം ഡോക്ടര്‍മാരുടെ പട്ടികയില്‍ പെടില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്‍റെ വിശദീകരിച്ചു.