സ്വപ്‌നയുടെ പരാതിയില്‍ കേസ്; വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്

single-img
14 March 2023

സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ വിജേഷ് പിള്ളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കര്‍ണാടക പൊലീസ്.

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ എന്ന പേരില്‍ ഇടനിലക്കാരനായി എത്തി വിജേഷ് പിള്ള തന്നെ ഭീഷണിപ്പെടുത്തി എന്നതാണ് സ്വപ്‌ന സുരേഷിന്റെ പരാതി. വിജേഷ് പിള്ളയ്‌ക്കെതിരെ ബംഗളൂരുവിലെ കെ ആര്‍ പുര പൊലീസ് ആണ് കേസെടുത്തത്. അതിനിടെ, കേസിനെ നിയമപരമായി നേരിടുമെന്ന് വിജേഷ് പിളള പ്രതികരിച്ചു.

കഴിഞ്ഞ ദിവസം ഇവര്‍ കണ്ടുമുട്ടി എന്ന് സ്വപ്‌ന പറയുന്ന ഹോട്ടലില്‍ സ്വപ്നയുമായി തെളിവെടുപ്പ് നടത്തുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്വപ്നയെ വിജേഷ് പിള്ള ഭീഷണിപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

കേസില്‍ പ്രാഥമിക അന്വേഷണമാണ് പൊലീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സുറി ഹോട്ടലില്‍ വിജേഷ് പിള്ള തന്നെ കണ്ട സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ വിജേഷ് മാത്രമാണ് തന്നെ കാണാനെത്തിയതെന്നാണ് സ്വപ്ന പറഞ്ഞത്. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ വിജേഷിനൊപ്പം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നു എന്നാണ് ഹോട്ടലുകാര്‍ പറയുന്നത്. ഇത് ആരാണെന്ന ചോദ്യമുയര്‍ത്തി കഴിഞ്ഞ ദിവസം സ്വപ്‌ന ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിച്ച്‌ നാടുവിടണമെന്നാണ് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാല്‍ ഈ ആരോപണം തള്ളിയ വിജേഷ് പിള്ള, താന്‍ ഒരു ഒടിടി സീരീസിന്റെ ആവശ്യങ്ങള്‍ക്കായാണ് സ്വപ്നയെ കണ്ടതെന്നാണ് പ്രതികരിച്ചത്.

കേസിനെ നിയമപരമായി നേരിടുമെന്ന് പറഞ്ഞ വിജേഷ് പിളള, ഹാജരാകാന്‍ തനിക്ക് കര്‍ണാടക പൊലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കി. അത് കിട്ടിയശേഷം തുടര്‍ നടപടി തീരുമാനിക്കുമെന്നും വിജേഷ് പിള്ള പറഞ്ഞു.