കടുത്ത തൊഴിലാളിക്ഷാമം: പ്രതിവർഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി കാനഡ

single-img
2 November 2022

പ്രതിവർഷം അഞ്ച് ലക്ഷം കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങി കാനഡ. കടുത്ത തൊഴിലാളിക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് കാനഡയുടെ പുതിയ തീരുമാനം.

2025ഓടെ കുടിയേറ്റക്കാരുടെ എണ്ണം പ്രതിവർഷം അഞ്ച് ലക്ഷമാക്കുമെന്നാണ് കാനഡ അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് പുതിയ പദ്ധതി കു​ടിയേറ്റ മന്ത്രി സീൻ ഫ്രേസർ പ്രഖ്യാപിച്ചത്. പരിചയസമ്പത്തുള്ള കൂടുതൽ തൊഴിലാളികളെ പെർമിനന്റ് റെസിഡന്റാക്കുമെന്നും കാനഡ വ്യക്തമാക്കിയിട്ടുണ്ട്. കാനഡയിലെ പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയും തീരുമാനത്തെ സ്വാഗതം ചെയ്തു.

2023ൽ 4.65 ലക്ഷം പേരായിരിക്കും കാനഡയിലേക്ക് വിദേശരാജ്യങ്ങളിൽ നിന്നുമെത്തുക. 2025ൽ ഇത് അഞ്ച് ലക്ഷമാക്കും. കഴിഞ്ഞ വർഷം 4.05 ലക്ഷം പേരാണ് എത്തിയത്. കാനഡയിൽ നിലവിൽ 10 ലക്ഷത്തോളം തൊളിലവസരങ്ങളാണ് ഉള്ളത്. തൊഴിലാളികളുടെ ക്ഷാമം മൂലം നിർമ്മാണ മേഖലയിൽ ഉൾപ്പടെ പ്രതിസന്ധി നേരിടുകയാണെന്നും സീൻ ഫ്രേസർ പറഞ്ഞു.