പണത്തിനു വേണ്ടി ജ്യേഷ്ഠനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ സഹോദരനും സുഹൃത്തുക്കളും അറസ്റ്റിൽ
ദുര്‍ഗ്: പണത്തിനു വേണ്ടി ജ്യേഷ്ഠനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ സഹോദരനേയും രണ്ട് സുഹൃത്തുക്കളേയും പൊലീസ് അറസ്റ്റ് ചെയ്തു.
ഛത്തീസ്ഗഡിലെ ദുര്‍ഗ് ജില്ലയിലാണ് സംഭവം.
ഭോലാനാഥ് യാദവ് (34), ഭാര്യ നൈല (30), മകന്‍ പര്‍മദ് (12), മകള്‍ മുക്ത (7) എന്നിവരെയാണ് കൊല്ലപ്പെട്ടത്. ഭോലാനാഥിന്റെ സഹോദരന്‍ കിസ്മത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.
ജ്യേഷ്ഠന്റെ സാമ്ബത്തിക സ്ഥിതിയില്‍ അസൂയപ്പെട്ടിരുന്ന കിസ്മത്ത് ഭോലാനാഥിനോട് സ്ഥിരമായി പണം ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഭോലാനാഥ് പണം നല്‍കുന്നത് അവസാനിപ്പിച്ചതോടെയാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. അതിനായി ഭോലാനാഥിന്റെ മുന്‍ സുഹൃത്ത് നിലവില്‍ തെറ്റിപ്പിരിഞ്ഞയാളുമായ ആകാശ് മാഞ്ചി(35)യെയും ടീകം ദാസ് (49) എന്ന മറ്റൊരാളെയും കൂട്ടുപിടിച്ചു.
സെപ്തംബര്‍ 28ന് രാത്രി ഭോലാനാഥിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ കിസ്മത്തും സുഹൃത്തുക്കളും സഹോദരനോട് പണം ആവശ്യപ്പെടുകയും ഭോലാനാഥ് ആവശ്യം നിരസിച്ചതോടെ സംഘം കുടുംബത്തെ ആക്രമിക്കുകയുമായിരുന്നു. കൊലപാതകശേഷം പ്രതികള്‍ വീട്ടില്‍ നിന്ന് 7.92 ലക്ഷം രൂപയും സ്വര്‍ണവും വെള്ളി ആഭരണങ്ങളും കവര്‍ന്നതായും പൊലീസ് പറഞ്ഞു. ഒഡീഷയിലെ ഭവാനിപട്ടണയില്‍ നിന്നാണ് മൂവര്‍ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണം തുടരുകയാണ്.