പരിക്കേറ്റ് പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മര്‍ ടീമിലേക്ക് തിരിച്ചെത്തുന്നു

single-img
4 December 2022

ദോഹ: ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പരിക്കേറ്റ് പുറത്തായ ബ്രസീലിന്‍റെ സൂപ്പര്‍ താരം നെയ്മര്‍ ടീമിലേക്ക് തിരിച്ചെത്തുന്നു.

പ്രീ ക്വാര്‍ട്ടറില്‍ നെയ്മര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിട്ടില്ലെങ്കിലും താരത്തിന്‍റെ പരിക്ക് സംബന്ധിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വിശ്രമത്തിലായിരുന്ന നെയ്മര്‍ പരിശീലനം ആരംഭിച്ചു. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഇപ്പോള്‍ സുഖം തോന്നുന്നു എന്ന് കുറിച്ച്‌ കൊണ്ട് പരിശീലനം വീണ്ടും തുടങ്ങിയതിന്‍റെ ചിത്രങ്ങള്‍ നെയ്മര്‍ പങ്കുവെച്ചത്. നേരത്തെ, സെര്‍ബിയക്കെതിരെയുള്ള മത്സരത്തിലാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. താരത്തിന് ഖത്തര്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു. പിന്നാലെ ആരാധകരെ ആശ്വസിപ്പിക്കുന്ന കുറിപ്പുമായി നെയ്മര്‍ രംഗത്ത് വന്നിരുന്നു.

‘കരിയറിലെ ഏറ്റവും കഠിനമായ ദിനങ്ങളിലൊന്നാണിത്. വീണ്ടും ലോകകപ്പില്‍ പരിക്കിന്‍റെ തിരിച്ചടിയേറ്റിരിക്കുന്നു. എന്നാല്‍, എന്‍റെ രാജ്യത്തിനും സഹതാരങ്ങള്‍ക്കുമായി ശക്തമായി തിരിച്ചെത്തും’ നെയ്മര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്ബ് നെയ്മര്‍ക്ക് പനിയും ബാധിച്ചിരുന്നു.

ഇതോടെ ബ്രസീല്‍ ആരാധകര്‍ കടുത്ത ആശങ്കയില്‍ ആയിരുന്നു. എന്നാല്‍, ഫൈനലില്‍ ബ്രസീലിന് കപ്പ് സമ്മാനിക്കാന്‍ നെയ്‌മര്‍ ടീമിലേക്ക് മടങ്ങിവരും എന്നാണ് അദേഹത്തിന്‍റെ പിതാവ് നെയ്‌മര്‍ സാന്‍റോസ് സീനിയര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നെയ്‌മറിന് തന്‍റെ ഏറ്റവും മികച്ച ഫോമില്‍ ഫൈനല്‍ കളിക്കാനെത്താന്‍ കഴിയുമെന്നും താരത്തിന്റെ പിതാവ് സൂചിപ്പിച്ചു.