കേരളത്തില്‍ കൂടുതല്‍ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുമായി ബിപിസിഎല്‍

single-img
25 March 2023

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കൂടുതല്‍ ഇലക്‌ട്രിക് ചാര്‍ജിംഗ് സ്റ്റേഷനുമായി ബിപിസിഎല്‍.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിപിസിഎല്‍ പെട്രോള്‍ പമ്ബുകള്‍ കേന്ദ്രീകരിച്ച്‌ 110 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് തുറക്കുക.

കേരളത്തില്‍ മൂന്ന് ഇടനാഴികളിലായി 19 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് തുറക്കുക. കര്‍ണാടകത്തില്‍ 33 ഉം തമിഴ്നാട്ടില്‍ 58 ഉം ഇന്ധന സ്റ്റേഷനുകളിലായാണ് ചാര്‍ജിംഗ് പോയിന്‍റ്. മൊത്തം അയ്യായിരം കിലോമീറ്ററിന് ഇടയില്‍ 110 വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷനുകളാണ് തുടങ്ങുക. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒന്നാമത്തെ വൈദ്യുത ഇടനാഴി. കോഴിക്കോട്-വയനാട്, എറണാകുളം-തൃശ്ശൂര്‍-പാലക്കാട് എന്നീങ്ങനെയാണ് മറ്റ് രണ്ടെണ്ണം.

പ്രധാന തീര്‍ത്ഥാടന , വിനോദ സഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് ഇടനാഴി. ഗുരുവായൂര്‍, കാടാമ്ബുഴ ക്ഷേത്രങ്ങളെയും, വല്ലാര്‍പാടം ബസലിക്ക , കൊരട്ടി സെന്‍റ് ആന്‍റണീസ് ചര്‍ച്ച്‌ , മര്‍ക്കസ് നോളജ് സിറ്റി തുടങ്ങിയ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ഇടനാഴിയുമായി ബന്ധിപ്പിക്കും. 125 കിലോമീറ്റര്‍ റേഞ്ച് കിട്ടാന്‍ അര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ മതിയെന്നാണ് കമ്ബനിയുടെ അവകാശവാദം. അതിനാല്‍ നൂറ് കിലോമീറ്റര്‍ ഇടവിട്ടാകും വൈദ്യുത ചാര്‍ജിംഗ് സ്റ്റേഷന്‍ സജ്ജീകരിച്ചിരിക്കുന്നത്.

ബിപിസിഎല്‍ ഇതുവരെ 21 ഹൈവേകള്‍ വൈദ്യുത ഇടനാഴിയാക്കി മാറ്റി. മാര്‍ച്ച്‌ 31ന് അകം 200 ഹൈവേകള്‍ കൂടി അതിവേഗ വൈദ്യുത വാഹന ചാര്‍ജിംഗ് സൗകര്യമുള്ളതാക്കി മാറ്റാനാണ് തീരുമാനം. പ്രമുഖ കഫേ , റെസ്റ്റൊറന്‍റ് ബ്രാന്‍ഡുകളുമായി കോര്‍ത്ത് ഓരോ സ്റ്റേഷനുകളിലും മികച്ച പശ്ചാത്തല സൗകര്യവും ഒരുക്കും. ചാര്‍ദിംഗ് സ്റ്റേഷനുകള്‍ കൂടുന്നതോടെ രാജ്യത്ത് വൈദ്യുത വാഹന വളര്‍ച്ച കൂട്ടുമെന്നാണ് ബിപിസില്‍ വിലയിരുത്തല്‍.