10 ഡൽഹി കൗൺസിലർമാരെ വാങ്ങാൻ 100 കോടി രൂപ; ബിജെപിക്കെതിരെ ആരോപണവുമായി ആം ആദ്മി പാർട്ടി

single-img
10 December 2022

ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ വിജയിച്ച കൗൺസിലർമാരെ വാങ്ങാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി. എഎപി കൗൺസിലർമാരായ ഡോ. റോണാക്ഷി ശർമ, അരുൺ നവാരിയ, ജ്യോതി റാണി എന്നിവർക്കൊപ്പം മുതിർന്ന എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് ആണ് ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്.

ഡൽഹിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ വിലയ്ക്കുവാങ്ങാനുള്ള അതേ സൂത്രവാക്യമാണ് അവർ പ്രയോഗിക്കുന്നത് എന്നും, മഹാരാഷ്ട്ര, അരുണാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, കർണാടക, ഗോവ, ഗുജറാത്ത് എന്നിവിടങ്ങളിൽ എംഎൽഎമാരുടെ കുതിരക്കച്ചവടം നടത്തി അധികാരത്തിൽ എത്തിയതുപോലെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലും അധികാരത്തിൽ എത്താനാണ് ശ്രമിക്കുന്നത് എന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ആം ആദ്മി പാർട്ടിയെക്കാൾ 30 സീറ്റ് കുറഞ്ഞിട്ടും മേയർ തങ്ങളുടേതായിരിക്കുമെന്ന് പറയുന്ന നാണംകെട്ട പാർട്ടിയാണ് ബിജെപി എന്നും സഞ്ജയ് സിംഗ് കൂട്ടിച്ചേർത്തു.

അതേസമയം ബിജെപിയുടെ കൗൺസിലർമാരെ വശീകരിക്കാൻ ആം ആദ്മി പാർട്ടി ശ്രമിക്കുന്നതായി ബിജെപിയും ആരോപണം ഉന്നയിച്ചു. കൗൺസിലർമാരെ വശീകരിക്കാൻ അരവിന്ദ് കെജ്‌രിവാളിന്റെ ഏജന്റുമാർ ഡൽഹിയിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം.