ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള ബില്ലുകള്‍ നാളെ നിയമ സഭയില്‍ അവതരിപ്പിക്കും

single-img
6 December 2022

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള സര്‍വകലാശാലാ നിയമ ഭേദഗതി ബില്ലുകള്‍ നാളെ നിയമ സഭയില്‍ അവതരിപ്പിക്കും.

സബ്ജക്‌ട് കമ്മിറ്റിക്ക് വിട്ട ശേഷം ഈ ആഴ്ച്ച തന്നെ ബില്‍ പാസാക്കാന്‍ ആണ് ശ്രമം. ഗവര്‍ണറെ പിന്തുണക്കാന്‍ ഇല്ലെങ്കിലും ലീഗും ബില്ലിനെ എതിര്‍ക്കും.

സഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വിഴിഞ്ഞം സമരത്തില്‍ അടിയന്തര പ്രമേയം കൊണ്ട് വരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞ ദിവസത്തെ സമവായ ചര്‍ച്ച ഫലം കാണാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കുകയാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.

വിദേശ മദ്യത്തിന് നാല് ശതമാനം വില്‍പ്പന നികുതി കൂട്ടുന്നതിനുള്ള വില്‍പ്പന നികുതി ഭേദഗതിബില്‍ അവതരിപ്പിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുവാദം നല്‍കി. ധനമന്ത്രി കെഎന്‍ ബാലഗോപാലിനോടുള്ള പ്രീതി ഗവര്‍ണര്‍ പിന്‍വലിച്ച സാഹചര്യത്തില്‍ ധന വകുപ്പിന്റെ ഈ ബില്‍ ഗവര്‍ണര്‍ അംഗീകരിക്കാന്‍ വൈകിയത് അനിശ്ചിതത്വമുണ്ടാക്കിയിരുന്നു. അംഗീകാരം വൈകിയതിനാല്‍ തിങ്കളാഴ്ച കാര്യോപദേശക സമിതി യോഗത്തില്‍ ഈ ബില്ലവതരിപ്പിക്കുന്നതിനുള്ള സമയം തീരുമാനിക്കാനായില്ല.

15വരെ നിശ്ചയിച്ചിരുന്ന നിയമസഭാ സമ്മേളനം 13ന് പിരിയാനും കാര്യോപദേശക സമിതി ശുപാര്‍ശ ചെയ്തു. പല അംഗങ്ങളും ഫുട്‌ബോള്‍ ലോകകപ്പിന്റെ അവസാന മത്സരങ്ങള്‍ കാണാന്‍ ഖത്തറില്‍ പോകുന്നുണ്ട്. അവരുടെ സൗകര്യം കണക്കിലെടുത്താണിത്.