കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ തിരിമറി;ആരോപണവുമായി കോണ്‍ഗ്രസ്

single-img
19 January 2023

കോഴിക്കോട്: ധനകാര്യ പരിശോധനയില്‍ ഉള്‍പ്പെടാത്ത ബാങ്ക് അക്കൗണ്ടുകള്‍ വഴി കോഴിക്കോട് കോര്‍പറേഷനില്‍ വന്‍ തിരിമറി നടക്കുന്നുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്.

പിഎന്‍ബി തട്ടിപ്പിന് പിന്നാലെ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലെ കണ്ടെത്തലുകള്‍ പരിഗണിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇരുപത് കോടിയിലധികം രൂപയാണ് പതിമൂന്ന് അക്കൗണ്ടുകളിലായുള്ളത്.

പിഎന്‍ബി തട്ടിപ്പിന് പിന്നാലെ കോര്‍പറേഷനിലെ സകല കണക്കുകളും സംസ്ഥാന ഓഡിറ്റ് വിഭാഗം പരിശോധിച്ചിരുന്നു. ബാങ്കുകളിലും ട്രഷറിയിലുമായി 60 അക്കൗണ്ടുകള്‍ കോര്‍പറേഷനുണ്ട്. എന്നാല്‍ കണക്കില്‍ പെടാത്ത 13 ബാങ്ക് അക്കൗണ്ടുകള്‍ കൂടികോര്‍പറേഷന്‍റെ പേരിലുണ്ടെന്നാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. 20 കോടിയോളം രൂപയാണ് ഈ അക്കൗണ്ടുകളിലുണ്ട്. ഇതത്രയും പഞ്ചാബ് നാഷണല്‍ ബാങ്കിലുമാണ്. കുടുംബശ്രീയുടെ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. വിവിധ പദ്ധതികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചതും ഇതുവരെ ഉപയോഗിക്കാതെ കിടക്കുന്നതുമായ തുകയും കോര്‍പറേഷന്‍ ഈ അക്കൗണ്ടുകളില്‍ സൂക്ഷിക്കുന്നുണ്ട്. പണം യഥേഷ്ടം കൈകാര്യം ചെയ്യാനുളള ഭരണസമിതിയുടെ തന്ത്രമാണ് ഇതെന്നാണ് യുഡിഎഫ് ആരോപിച്ചു.

പ്രതിവര്‍ഷം 500 കോടിയുടെ വരവുചെലവുകള്‍ കോഴിക്കോട് കോര്‍പറേഷനില്‍ നടക്കുന്നുണ്ട്. ഇതെല്ലാം പരിശോധിക്കാനുളള അക്കൗണ്ട്സ് വിഭാഗം തീര്‍ത്തും ദുര്‍ബലമെന്നും യുഡിഎഫ് ആരോപിക്കുന്നു. എന്നാല്‍ തിരിമറി നടക്കുന്നുണ്ടെന്ന യുഡിഎഫ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേയര്‍ പറഞ്ഞു. കണക്കില്‍പ്പെടാത്തതെന്ന് പറയുന്ന 13 അക്കൗണ്ടുകളില്‍ മൂന്നെണ്ണം ഇടപാടുകള്‍ ഒന്നും ഇല്ലാത്ത അക്കൗണ്ടുകളാണ്. മറ്റുള്ളവ കുടുംബശ്രീക്ക് കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ നേരിട്ട് വരുന്നവയുമാണ്. ഒരു തദ്ദേശ സ്ഥാപനവും കുടുംബശ്രീ അക്കൗണ്ടുകളെ വാര്‍ഷിക ധനകാര്യ പരിശോധനയുടെ ഭാഗമാക്കാറില്ലെന്നും മേയറുടെ ഓഫീസ് വിശദീകരിച്ചു.