ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം: അന്താരാഷ്‌ട്ര ഭക്ഷ്യവിലയില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്ന് ആശങ്ക

single-img
21 July 2023

റഷ്യ കരിങ്കടൽ വഴിയുള്ള ഉക്രൈനിന്റെ പ്രധാന ധാന്യ ഇടപാട് അവസാനിപ്പിച്ചതോടെ ഗോതമ്പിന്റെയും ചോളത്തിന്റെയും വില ലോകമാകെ കുതിച്ചുയര്‍ന്നിരുന്നു. പിന്നാലെ ആഗോള ഭക്ഷ്യവിലയില്‍ കൂടുതല്‍ വര്‍ദ്ധനവുണ്ടാകുമെന്ന സൂചന നല്‍കി ആഭ്യന്തര പണപ്പെരുപ്പം തടയാന്‍ ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി ഇന്ത്യന്‍ സര്‍ക്കാരും ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.

രാജ്യത്തെ വരാനിരിക്കുന്ന ഉത്സവ സീസണുകളില്‍ ആഭ്യന്തര വിതരണം വര്‍ധിപ്പിക്കാനും പ്രാദേശിക വിലക്കയറ്റം നിയന്ത്രിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇത്തവണ കാലവര്‍ഷം വൈകി ആരംഭിച്ചതിനാല്‍ ഉല്‍പാദനത്തില്‍ കുറവുണ്ടാകുമെന്ന ഭയവും നിരോധനത്തിന് കാരണമായിട്ടുണ്ട്.ആഗോള കയറ്റുമതിയുടെ 40% ത്തിലധികം വരുന്ന ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരാണ് ഇന്ത്യ.

ജൂണ്‍ വരെയുള്ള മാസത്തിൽ ഈ വർഷത്തിൽ ഇന്ത്യന്‍ അരിയുടെ അന്താരാഷ്ട്ര വില്‍പന 35% വര്‍ദ്ധിച്ചു, ഇത് കഴിഞ്ഞ ഒരു മാസത്തില്‍ മാത്രം ആഭ്യന്തര വിലയില്‍ 3% വര്‍ദ്ധനവിന് കാരണമായി. ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ അരിക്ക് ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ 11.5% കൂടുതല്‍ പണം നല്‍കുന്നു. പുഴുങ്ങലരിയുടെയും ബസ്മതി അരിയുടെയും കയറ്റുമതി നയത്തില്‍ മാറ്റമില്ലെന്ന് ഭക്ഷ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന മൊത്തം അരിയുടെ ഭൂരിഭാഗവും ഈ രണ്ട് അരികളാണ്. 25 ശതമാനം വരുന്ന മറ്റ് ബസുമതി ഇതര വെള്ള അരികളുടെ കയറ്റുമതിയാണ് ഇപ്പോള്‍ നിരോധിച്ചിരിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം പുറപ്പെടുവിച്ച നിരോധനം, ‘ഇന്ത്യന്‍ വിപണിയില്‍ ബസുമതി ഇതര വെള്ള അരിയുടെ മതിയായ ലഭ്യത ഉറപ്പാക്കുമെന്നും’ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വില കുറയാന്‍ ഇടയാക്കുമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ പറഞ്ഞു.

2024 ൽ ദേശീയ തിരഞ്ഞെടുപ്പും വരും മാസങ്ങളില്‍ സംസ്ഥാനതല തിരഞ്ഞെടുപ്പും നടക്കാനിരിക്കെ, കുതിച്ചുയരുന്ന ഭക്ഷ്യ വിലക്കയറ്റം ബിജെപി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ‘ന്യായമായ വിലയില്‍ മതിയായ ആഭ്യന്തര ലഭ്യത ഉറപ്പാക്കാന്‍ ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നയം ഭേദഗതി ചെയ്തു,” ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറഞ്ഞു. നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുത്തുകയും ചെയ്തിട്ടുണ്ട്.