ബാബർ പാകിസ്ഥാന്റെ ക്യാപ്റ്റൻ സ്ഥാനമൊഴിയണം: കമ്രാൻ അക്‌മൽ

single-img
30 October 2022

ബാബർ അസം എത്രയും വേഗം പാകിസ്താൻ ദേശീയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് മുൻ താരം കമ്രാൻ അക്‌മൽ. ഒരു സാധാരണ താരമെന്ന നിലയിൽ പൂർണ്ണമായ സ്വാതന്ത്ര്യത്തോടെ കളിക്കണമെങ്കിൽ ബാബർ ക്യാപ്റ്റൻ സ്ഥാനമൊഴിയണം. പാകിസ്താനിൽ ഈ കാലഘട്ടത്തിൽ ഇത്ര മികച്ച മറ്റൊരു ബാറ്റർ ഇല്ലെന്നും കമ്രാൻ അക്‌മൽ ഇന്ന് പാകിസ്ഥാനിലെ ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

“ഒരു മുതിർന്ന സഹോദരനെന്ന നിലയിൽ, ഇപ്പോൾ നടക്കുന്ന ടി-20 ലോകകപ്പിനു ശേഷം ബാബർ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്നാണ് എനിക്ക് പറയാനുള്ളത്. അദ്ദേഹം കരിയറിൽ 22000-25,000 റൺസ് നേടണമെങ്കിൽ സാധാരണ ഒരു കളിക്കാരൻ മാത്രമായി കളിക്കണം.

ഒരുതരത്തിലുമുള്ള സമ്മർദം ഉണ്ടാവാൻ പാടില്ല. ബാബറോ അദ്ദേഹത്തിൻ്റെ പിതാവോ ഇത് മനസിലാക്കുന്നുണ്ടെങ്കിൽ, തീർച്ചയായും ക്യാപ്റ്റൻ സ്ഥാനമൊഴിയണം. വിരാട് കോലിയെപ്പോലെ ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കണം. കാരണം, അദ്ദേഹത്തെക്കാൾ മികച്ച മറ്റൊരു ബാറ്റർ പാകിസ്താനിൽ ഇല്ല. തൻ്റെ മുഴുവൻ കഴിവും അദ്ദേഹത്തിന് ഉപയോഗിക്കാൻ കഴിയില്ലെങ്കിൽ പാകിസ്താൻ ക്രിക്കറ്റാവും ബുദ്ധിമുട്ടുക.”- കമ്രാൻ അക്‌മൽ പറഞ്ഞു.