കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടാക്രമിച്ച പ്രതി പിടിയിൽ

single-img
12 February 2023

കേന്ദ്രസഹ മന്ത്രി വി മുരളീധരന്‍റെ തിരുവനന്തപുരം ഉള്ളൂരിലെ വീടാക്രമിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വ്യാഴാഴ്ച പുലർച്ചെ നടന്ന സംഭവത്തിൽ പയ്യന്നൂർ സ്വദേശി മനോജിനെ തമ്പാനൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നാണ് പിടികൂടിയത്.

ഇയാൾ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. വീടിനു നേർക്ക് ആക്രമണം നടത്തിയ പിന്നാലെ പ്രതി ഉള്ളൂരിൽ നിന്നും പട്ടത്തേക്ക് പോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇയാൾ വി മുരളീധരന്റെ വീടിന്റെ മുന്നിലെ ജനൽ ചില്ലുകൾ കല്ലു കൊണ്ട് ഇടിച്ചു തകർത്തിരുന്നു.

അതേസമയം, കേന്ദ്ര സർക്കാർ തന്നെ നിരീക്ഷിക്കുന്നതിലെ പ്രതിഷേധമാണ് വീടാക്രമിക്കാൻ കാരണമെന്നാണ് മനോജ് പൊലീസിന് നൽകിയ മൊഴി. തനിക്കെതിരെ കേസ് നൽകിയ സ്ത്രീയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മനോജ് രണ്ട് വർഷങ്ങൾക്ക് മുമ്പ് മന്ത്രിയുടെ വീട്ടിലെത്തിയിരുന്നുവെന്നും മൊഴി നൽകിയിട്ടുണ്ട്.