ആം ആദ്മി പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസിന്റെ തകര്‍ച്ച ദയനീയമാക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ കൈത്താങ്ങും

single-img
9 December 2022

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന ആം ആദ്മി പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസിന്റെ തകര്‍ച്ച ദയനീയമാക്കാന്‍ അസദുദ്ദീന്‍ ഉവൈസിയുടെ കൈത്താങ്ങും.

ഒരു മുസ്‍ലിം സ്ഥാനാര്‍ഥിയെപ്പോലും നിര്‍ത്താതെ ഗുജറാത്തിലെ മുസ്‍ലിം സ്വാധീന മണ്ഡലങ്ങളില്‍ ഭൂരിഭാഗവും പിടിക്കാന്‍ ഇരു പാര്‍ട്ടികളും ചോര്‍ത്തിയ വോട്ടുകള്‍ ബി.ജെ.പിക്ക് സഹായകമാകുകയും ചെയ്തു.

ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച്‌ ആപ് സ്ഥാനാര്‍ഥികള്‍ പിന്മാറിയ രണ്ടു സീറ്റുകളും ബി.ജെ.പി നേടി. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ കൂടിയായ അഖിലേന്ത്യ മജ്‍ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമൂന്‍ സംസ്ഥാന പ്രസിഡന്റ് സാബിര്‍ ഖാബിരിവാല മത്സരിച്ച ജമാല്‍പൂരിലും മറ്റൊരു പ്രമുഖ നേതാവ് ഹസന്‍ ഖാന്‍ പഠാന്‍ മത്സരിച്ച കോണ്‍ഗ്രസിന്റെ തട്ടകമായ ദരിയാപൂരിലും ജയിക്കുമെന്ന് അവകാശപ്പെട്ട് അസദുദ്ദീന്‍ ഉവൈസി ദിവസങ്ങളോളം തമ്ബടിച്ച്‌ നടത്തിയ പ്രചാരണത്തിനൊടുവില്‍ നേട്ടമുണ്ടാക്കിയത് ബി.ജെ.പി. ജമാല്‍പൂരില്‍ കോണ്‍ഗ്രസ് കഷ്ടിച്ച്‌ രക്ഷപ്പെട്ടപ്പോള്‍ ദരിയാപൂര്‍ ബി.ജെ.പി പിടിച്ചു.

മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായ ദരിയാപൂരില്‍ ആപ്പിന്റെ താജ് മുഹമ്മദ് 4164ഉം മജ്‍ലിസിന്റെ ഹസന്‍ ഖാന്‍ പഠാന്‍ 1771 വോട്ടും പിടിച്ചപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഗിയാസുദ്ദീന്‍ ശൈഖ് 5243 വോട്ടിന് ബി.ജെ.പിയിലെ കൗഷിക് ജെയിനിനോട് തോറ്റു. അതേസമയം, മജ്‍ലിസ് സ്ഥാനാര്‍ഥി സാബിര്‍ ഖാബിരിവാല 15,655 വോട്ടും ആപ്പിന്റെ ഹാറൂണ്‍ ഭായ് നാഗോരി 5887 വോട്ടും പിടിച്ച ജമാല്‍പൂര്‍ ഗഡിയയില്‍ കോണ്‍ഗ്രസ് സിറ്റിങ് എം.എല്‍.എ ഇംറാന്‍ ഖേഡാവാല 13,658 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥിയെ തോല്‍പിച്ചു.

സൂറത്ത് ഈസ്റ്റില്‍ എ.ഐ.എം.ഐ.എം സ്ഥാനാര്‍ഥിക്ക് 1671 വോട്ടാണ് ലഭിച്ചത്. ഇവിടെ ബി.ജെ.പിയുടെ അരവിന്ദ് റാണ കോണ്‍ഗ്രസിന്റെ അസ്‍ലം സൈക്കിള്‍വാലയെ പരാജയപ്പെടുത്തി. ഗോധ്രയിലും ബി.ജെ.പിക്കാണ് വിജയം. അതേസമയം, പെന്തക്കോസ്ത് സ്വാധീന മേഖലയായ വ്യാരയില്‍ ആദ്യമായി ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബി.ജെ.പി അത് കോണ്‍ഗ്രസില്‍നിന്ന് പിടിച്ചെടുത്തു.